Friday, May 14, 2021
Home News Kerala സംസ്ഥാനത്ത് ജെഡിഎസ് പിളര്‍ന്നു; ദേവഗൗഡയുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് നേതാക്കള്‍

സംസ്ഥാനത്ത് ജെഡിഎസ് പിളര്‍ന്നു; ദേവഗൗഡയുമായുള്ള ബന്ധം ഉപേക്ഷിച്ചെന്ന് നേതാക്കള്‍

തിരുവനന്തപുരം: രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ കേരളത്തില്‍ ജെഡിഎസ് പിളര്‍ന്നു. പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമെന്ന് സി കെ നാണു വിഭാഗം അറിയിച്ചു. എച്ച് ഡി ദേവ ഗൗഡയുമായുളള എല്ലാബന്ധവും ഉപേക്ഷിച്ചെന്ന് നേതാക്കള്‍ പറഞ്ഞു. സി കെ നാണുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് അസാധുവാണെന്നും നേതാക്കള്‍ അറിയിച്ചു.

മാത്യു ടി തോമസിനെയും കെ കൃഷ്ണന്‍കുട്ടിയെയും എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെടും. മന്ത്രിസഭയില്‍നിന്നു മാറ്റണമോയെന്ന കാര്യം അടുത്തഘട്ടത്തില്‍ ആലോചിക്കുമെന്നും വിമത വിഭാഗം ആരോപിച്ചു.

നേരത്തെ സി കെ നാണു പ്രസിഡന്റും ജോര്‍ജ് തോമസ് സെക്രട്ടറി ജനറലുമായ ദള്‍ സംസ്ഥാന സമിതി പിരിച്ചുവിട്ട് മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ പുതിയ താല്‍ക്കാലിക സമിതിയെ ദേശീയ പ്രസിഡന്റ് എച്ച് ഡി. ദേവഗൗഡ നിയോഗിച്ചിരുന്നു. ഇത് അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ച്് വിമതര്‍ കഴിഞ്ഞ ദിവസം യോഗം വിളിച്ചിരുന്നു.

സംസ്ഥാന കൗണ്‍സിലില്‍ തങ്ങളെ അനുകൂലിക്കുന്നവര്‍ക്കാണ് ഭൂരിപക്ഷമെന്നു ജോര്‍ജ് തോമസ് അവകാശപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ സീറ്റുകള്‍ വാങ്ങിയെടുക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്നും ആക്ഷേപം ഉന്നയിച്ചു.

Most Popular