Monday, January 24, 2022
HomeNewsKeralaജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി; ആവശ്യമെങ്കില്‍ സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍

ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി; ആവശ്യമെങ്കില്‍ സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍

കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണി. ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. ( jifri thangal gets death threat ). മലപ്പുറം ആനക്കയത്ത് സമസ്തയുടെ കീഴിലുള്ള ഒരു കോളജില്‍ സംസാരിക്കവെയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തനിക്കെതിരെ ഭീഷണിയുണ്ടായതായി വെളിപ്പെടുത്തിയത്.

‘ഒരു പ്രസ്ഥാനവുമായി മുന്നോട്ടുപോകുമ്പോള്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാകും. പല ഓഫറുകളും ഇപ്പോഴുണ്ട്. സി എമ്മിന്റെ (ചെമ്പരിക്ക ഖാസി സിഎം അബ്ദുല്ല മുസ് ലിയാര്‍) അനുഭവം ഉണ്ടാകും, മറ്റു ചിലരുടെ അനുഭവമുണ്ടാകും എന്നെല്ലാം… പല വിവരമില്ലാത്തവരും വിളിച്ചുപറയുന്നുണ്ട്. ഞാന്‍ പറയാന്‍ പോകുകയാണ്… അങ്ങിനെ എന്തെങ്കിലും അനുഭവം എനിക്കുണ്ടായിട്ടുണ്ടെങ്കില്‍… ചെമ്പരിക്ക ഖാസിയുടെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍… എന്നെക്കുറിച്ച് എഴുതുന്നവരെ പിടിച്ചാല്‍ മതി. ഞാന്‍ അതുകൊണ്ടൊന്നും പിറകോട്ട് പോകുന്ന ആളല്ല. ഞാന്‍ ധൈര്യത്തോട് കൂടി തന്നെ മുന്നോട്ടുപോകും. അങ്ങനെയാണ് മരണമെങ്കില്‍ ചെലപ്പോള്‍ അങ്ങിനെയാകും. അല്ലാഹു ഈമാനോടു കൂടി മരിക്കാന്‍ തൗഫീഖ ചെയ്യട്ടെ’ – പ്രസംഗത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത സമര പരിപാടിക്കെതിരെ പരസ്യ നിലപാട് എടുത്തതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് എതിരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലും മറ്റും വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെയാണ് ഭീഷണിയും ഉയരുന്നത്. പള്ളിയില്‍ വഖഫ് വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള മുസ്ലിം ലീഗ് തീരുമാനത്തെ തങ്ങള്‍ തള്ളിയതാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ കോഴിക്കോട് കടപ്പുറത്ത് ലീഗ് സംഘടിപ്പിച്ച റാലിയിലും തങ്ങള്‍ക്ക് എതിരെ പരോക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം, ഭീഷണിയെ ഗൗരവമായി കാണുന്നില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു. ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പരാതി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സമസ്ത അധ്യക്ഷന്‍ വ്യക്തമാക്കി.

സുരക്ഷ നല്‍കാന്‍ തയ്യാറെന്ന് മന്ത്രി
ജിഫ്രി തങ്ങള്‍ക്ക് ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി വി അബ്ദുറഹ്‌മാന്‍ ജിഫ്രി തങ്ങളെ ഫോണില്‍ വിളിച്ച് ഉറപ്പു നല്‍കി. ഈ വിഷയം പോലിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഉടന്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

എന്നാല്‍, തനിക്ക് സുരക്ഷയുടെ ആവശ്യം ഇപ്പോഴില്ലെന്നും ദിവസങ്ങള്‍ക്ക് മുമ്പാണ് ഭീഷണിയുണ്ടായത്, അത് ഗൗരവത്തിലെടുക്കുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ മന്ത്രിക്ക് മറുപടി നല്‍കി. വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ജഫ്രി മുത്തുകോയ തങ്ങള്‍ അറിയിച്ചു.

 

 

Most Popular