Tuesday, January 25, 2022
HomeNewsKeralaവഖഫ് വിഷയത്തില്‍ സമരത്തിനില്ലെന്ന് സമസ്ത; ലീഗിന്റേത് രാഷ്ട്രീയ സമരം

വഖഫ് വിഷയത്തില്‍ സമരത്തിനില്ലെന്ന് സമസ്ത; ലീഗിന്റേത് രാഷ്ട്രീയ സമരം

കോഴിക്കോട്: വഖഫ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള നീക്കത്തിനെതിരേ സമരം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വലിഞ്ഞ് സമസ്ത. സമസ്ത സമരത്തിനില്ലെന്നും ഒരു പാര്‍ട്ടിയോടും അകലമില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രി സമസ്ത നേതാക്കളെ വിളിച്ച് ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ജിഫ്രി തങ്ങള്‍ നിലപാട് പ്രഖ്യാപിച്ചത്.

സമസ്ത നേരത്തെയും സമരം പ്രഖ്യാപിച്ചിട്ടില്ലെന്ന് ജിഫ്രി മുത്തു കോയ തങ്ങള്‍ പറഞ്ഞു. പ്രതിഷേധ പ്രമേയം പാസാക്കാനും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനുമാണ് സമസ്ത തീരുമാനിച്ചത്. അതിനിടെ വിഷയം സംസാരിച്ചു തീര്‍ക്കണമെന്ന് മുഖ്യമന്ത്രി ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. മാന്യമായാണ് മുഖ്യമന്ത്രി ഇടപെട്ടത്. തുടര്‍ നടപടികള്‍ മരവിപ്പിച്ചുവെന്നും മറ്റു കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

സമസ്തയെ സംബന്ധിച്ചിടത്തോളം സമരം എന്നൊരു സംഗതിയില്ലെന്നും ജിഫ്രി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ലീഗിന്റെ റാലി രാഷ്ട്രീയ റാലിയാണ്. അതില്‍ പങ്കെടുക്കുന്നത് ലീഗുകാരാണ് തീരുമാനിക്കേണ്ടത്. പൊതുകോഡിനേഷന്‍ കമ്മിറ്റിയെന്നത് സമസ്തക്കില്ല. അത് ആവശ്യം വരുമ്പോള്‍ തങ്ങന്‍മാരൊക്കെ വിളിക്കുമ്പോള്‍ കൂടി ചര്‍ച്ച ചെയ്യാമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തുരുമാനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടെ പ്രതികരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഡിസംബര്‍ ഒമ്പതിന് മുസ്‌ലിം ലീഗ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജിഫ്രി മുത്തുകോയ തങ്ങളുടെ പ്രതികരണം.

മുസ്‌ലിം സംഘടനകളുടെ കോഡിനേഷന്‍ കമ്മിറ്റി വിളിച്ചു കൂട്ടുകയും പിന്തുണ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് വഖഫ് വിഷയത്തില്‍ മുസ്‌ലിം ലീഗ് സമരം ആസൂത്രണം ചെയ്തത്. എന്നാല്‍, കോഓഡിനേഷന്‍ കമ്മിറ്റിയിലെ പ്രബല വിഭാഗമായ ഇ കെ സമസ്ത വിഭാഗം പിന്മാറിയതോടെ വിഷയത്തില്‍ മുസ്ലിം ലീഗ് ഏറെക്കുറെ തനിച്ചായി. എ പി വിഭാഗം നേരത്തേ തന്നെ സര്‍ക്കാരിന് ഒപ്പമായിരുന്നു.

Most Popular