Saturday, April 17, 2021
Home News Kerala എംസി ഖമറുദ്ദീന്‍ എംഎല്‍എ ആറ് മാസത്തിനകം നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കണമെന്ന് ലീഗ്; യുഡിഎഫ് ചെയര്‍മാന്‍...

എംസി ഖമറുദ്ദീന്‍ എംഎല്‍എ ആറ് മാസത്തിനകം നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കണമെന്ന് ലീഗ്; യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കി

മലപ്പുറം: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പു കേസില്‍പ്പെട്ട എം സി ഖമറുദ്ദീന്‍ എംഎല്‍എയോട് 6 മാസത്തിനകം നിക്ഷേപകര്‍ക്ക് പണംതിരിച്ചു നല്‍കാന്‍ പാണക്കാട് ചേര്‍ന്ന മുസ്‌ലിം ലീഗ് യോഗം നിര്‍ദേശിച്ചു. കാസര്‍കോട് ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം രാജിവച്ചതായും നേതാക്കള്‍ അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട മറ്റു പാര്‍ട്ടി അംഗങ്ങളോട് സ്ഥാനത്തുനിന്ന് മാറി നില്‍ക്കാനും നിര്‍ദേശിച്ചു.

കാസര്‍കോട് ജില്ലാ നേതാക്കളുമായി സംസ്ഥാന നേതൃത്വം പാണക്കാട്ട് ചര്‍ച്ച നടത്തിയ ശേഷം ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് എന്നിവരാണ് തീരുമാനം അറിയിച്ചത്. വിശദാംശങ്ങളറിയാന്‍ കമറുദ്ദീനോട് വ്യാഴാഴ്ച പാണക്കാട്ട് എത്താന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും രാവിലെ പെട്ടെന്ന് തീരുമാനം മാറ്റിയിരുന്നു.

കൂടിക്കാഴ്ച ഒഴിവാക്കിയ ശേഷം സംസ്ഥാന നേതാക്കള്‍ അദ്ദേഹവുമായി ഫോണില്‍ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് കാസര്‍കോട് ജില്ലാ നേതാക്കള്‍ പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ് എന്നിവരുമായി മലപ്പുറം ജില്ലാ ആസ്ഥാനത്ത് ചര്‍ച്ച നടത്തി. വൈകിട്ട് പാണക്കാട്ട് യോഗം നിശ്ചയിക്കുകയായിരുന്നു.

ഗുണ്ടകളുമായി എത്തി സ്വര്‍ണം കവര്‍ന്നെന്ന് ആരോപണം
അതേ സമയം, ഖമറുദ്ദീനെതിരേ പുതിയ ആരോപണവുമായി തലശ്ശേരി മര്‍ജാന്‍ ജ്വല്ലറി ഉടമ കെകെ ഹനീഫ രംഗത്തെത്തി. ഖമറുദ്ദീന്‍ 2007-ല്‍ ഗുണ്ടകളുമായി എത്തി 25 കിലോ സ്വര്‍ണം കവര്‍ന്നെന്ന ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. അന്ന് മൂന്നര കോടി രൂപ വില വരുന്ന സ്വര്‍ണ്ണമാണ് എംഎല്‍എയുടെ തേതൃത്വത്തില്‍ കവര്‍ന്നതെന്നും ഹനീഫ ആരോപിച്ചു.

അന്ന് നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന് ഇന്നത്തെ നിരക്ക് അനുസരിച്ച് പന്ത്രണ്ടര കോടിയോളം വില വരും. ഖമറുദ്ദീനെതിരെ തലശ്ശേരി, കൊയിലാണ്ടി കോടതികളില്‍ കേസുണ്ടെന്നും പൊലീസിനെ സ്വാധീനിച്ച് കേസ് ഒതുക്കാന്‍ ഖമറുദീന്‍ ശ്രമിച്ചെന്നും ഹനീഫ പറഞ്ഞു. കേസില്‍ കൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Popular