Thursday, July 29, 2021
Home News Kerala കനകമല കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കനകമല കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയെന്നാരോപിക്കപ്പെടുന്ന കനകമല കേസിലെ പിടികിട്ടാപ്പുള്ളി പിടിയില്‍. കേസിലെ പ്രധാനപ്രതിയും മലയാളിയുമായ മുഹമ്മദ് പോളക്കാനിയാണ് അറസ്റ്റിലായത്. ജോര്‍ജിയയിലായിരുന്ന ഇയാളെ അവിടെ നിന്നും രാജ്യത്തെത്തിച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. അല്‍ഖാഇദ ബന്ധമുണ്ടെന്നാരോപിച്ച് ഇന്ന് പിടികൂടിയ പശ്ചിമ ബംഗാള്‍ സ്വദേശികള്‍ക്കൊപ്പം ഇയാളെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഡല്‍ഹിയില്‍ എത്തിച്ച് ചോദ്യം ചെയ്യും.

കണ്ണൂര്‍ പാനൂരിലെ കനകമലയില്‍ സംഘടിച്ച് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടുവെന്നാരോപിക്കുന്ന കേസ് 2016 ലാണ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തത്. ഒമ്പത് പ്രതികളാണ് എന്‍ഐഎ കുറ്റപത്രത്തിലുള്ളത്. ഇതില്‍ 7 പേര്‍ക്ക് ശിക്ഷ വിധിച്ചു. ഒരാളുടെ വിചാരണ ഇപ്പോള്‍ കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് കേസിലെ അവസാന പ്രതിയും പിടിയിലാകുന്നത്.

കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കും കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. എഴാം പ്രതി സജീര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു. ഒന്നാംപ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചത്.


 

Most Popular