Wednesday, January 26, 2022
HomeNewsKeralaഉപയോഗിക്കുന്ന ഫോണിന് നികുതി ചുമത്തില്ലെന്ന് കണ്ണൂര്‍ വിമാനത്താവളം കസ്റ്റംസ് വിഭാഗം

ഉപയോഗിക്കുന്ന ഫോണിന് നികുതി ചുമത്തില്ലെന്ന് കണ്ണൂര്‍ വിമാനത്താവളം കസ്റ്റംസ് വിഭാഗം

കണ്ണൂര്‍: ഗള്‍ഫില്‍ നിന്നു നാട്ടിലേക്ക് വരുമ്പോള്‍ കൊണ്ടു വന്ന ഉപയോഗിക്കുന്ന ഐഫോണിന് നികുതി ഈടാക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഐഫോണ്‍ കൊണ്ടുവരുന്നതിന് നിയമപരമായ തടസമില്ലെന്നും നികുതി ഈടാക്കില്ലെന്നും കണ്ണൂര്‍ അന്താരഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 50,000 രൂപക്ക് മുകളില്‍ വിലയുള്ള സാധനങ്ങള്‍ക്ക് നിയമപരമായി നികുതി അടക്കേണ്ടതുണ്ട്. എന്നാല്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഫോണുകള്‍ക്ക് നികുതി ചുമത്താറില്ലെന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ വികാസ് അറിയിച്ചു.

ദുബയില്‍ ഫിനാന്‍സ് മാനേജര്‍ ആയി ജോലി ചെയ്യുന്ന കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ഷഹദ് അയാര്‍ ആണ് ഐഫോണ്‍ 13 പ്രോ മാക്‌സ് കൊണ്ടുവന്നതിന് 25,000 രൂപ ഡ്യൂട്ടി അടക്കേണ്ടിവന്ന അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഇന്ത്യയില്‍ ഐഫോണിന് വിലക്കൂടുതല്‍ ഉള്ളതും കേരളം വലിയ മാര്‍ക്കറ്റ് ആയതും കൊണ്ട് പലരും നാലും അഞ്ചും ഫോണുകളാണ് വില്‍പ്പനക്കായി കൊണ്ട് വരുന്നത്. ഇത്തരം ഫോണുകള്‍ക്കാണ് നികുതി ചുമത്തുന്നത്. കയ്യിലുള്ള ഫോണുകള്‍ക്ക് സാധാരണ നികുതി ചുമത്താറില്ല. ബാഗേജിലുള്ള പഴയ ഫോണുകളെങ്കില്‍ നികുതി ഇളവ് നല്‍കാറുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യത്ത് നിന്നു വരുന്ന വ്യക്തിയുടെ കയ്യില്‍ 50000 രൂപക്ക് മുകളില്‍ സാധനം ഉണ്ടെങ്കില്‍ 38.5 ശതമാനം നികുതി അടക്കണമെന്നാണ് നിയമം. പുറം ചട്ട മാറ്റിയും രൂപമാറ്റം വരുത്തിയും വില്‍പ്പനയ്ക്കായി നാട്ടിലേക്ക് ഫോണ്‍ കൊണ്ട് വരുന്നവരുണ്ട്. ഇത്തരം ഫോണുകള്‍ക്ക് നികുതി ചുമത്തുമെന്നും അദ്ദേഹം വിശദമാക്കി.

ഉപയോഗിക്കുന്ന ഫോണ്‍ കൊണ്ട് വന്നതിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ക്കും കസ്റ്റംസ് നികുതി ചുമത്തിയിട്ടില്ലെന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഡ്യൂട്ടി ഓഫീസര്‍ രാജു അറിയിച്ചു. ഫോണിന് നികുതി ചുമത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഉപയോഗിക്കുന്ന ഫോണ്‍ ആണെന്ന് വ്യക്തമാക്കിയാല്‍ നികുതി നല്‍കേണ്ടി വരില്ലെന്നും അദ്ദേഹം അറിയിച്ചു.

ഏകദേശം ഒന്നര ലക്ഷം രൂപയാണ് തന്റെ ഫോണിന് കസ്റ്റംസ് വില കണക്കാക്കിയതെന്നു ഷഹദ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഐഫോണ്‍ 13ന് ലോകത്ത് എവിടെയും അത്രയും വിലയില്ല. അതിന് 30,000 രൂപ നികുതി അടക്കണമെന്ന് ആവശ്യപ്പെടുകയും പിന്നീട് പണമില്ലെന്ന് പറഞ്ഞപ്പോള്‍ 25,000 ആയി കുറച്ചു നല്‍കുകയും ചെയ്തതായും ഷഹദ് പറയുന്നു. ഇതിന്റെ റസീപ്റ്റും അദ്ദേഹം പങ്കുവച്ചിരുന്നു.
ALSO WATCH

Most Popular