കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ വീട്ടിനകത്ത് ഗൃഹനാഥന് മരിച്ചനിലയില്‍. മക്കാനിക്ക് സമീപം ലംഹയില്‍ റസാഖ് (67 ) ആണ് മരിച്ചത്. കിടപ്പുമുറിയില്‍ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്. വീട്ടിലുണ്ടായിരുന്ന ഭാര്യയും മകളും മരണവിവരം പുറംലോകത്തെ അറിയിച്ചിരുന്നില്ല.
രൂക്ഷമായ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്കിയ പരാതിയിലാണ് പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. കഴിഞ്ഞ കുറച്ച് കാലമായി അബ്ദുള്‍ റസാക്ക് അസുഖബാധിതനായി കിടപ്പിലായിരുന്നു. ഭക്ഷണം കഴിക്കാറില്ലായിരുന്നുവെന്നും വെള്ളം മാത്രം വല്ലപ്പോഴും കുടിക്കുമെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ മരിച്ചത് അറിഞ്ഞില്ലെന്നാണ് വീട്ടുകാരുടെ വാദം. എന്നാല്‍, ദുര്‍ഗന്ധം വമിച്ചിട്ടും മരണവിവരം അറിഞ്ഞില്ലെന്ന വാദം പോലിസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മൃതദേഹത്തിന്റെ തലയ്ക്ക് പിന്നില്‍ പരിക്കുള്ളതും സംശയത്തിനിടയാക്കിയിട്ടുണ്ട്.
മരണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും അടുത്ത ബന്ധുക്കളെ പോലും വിവരമറിയിക്കാത്തതാണ് ദുരൂഹതയുയര്‍ത്തുന്നത്.
ടൗണ്‍ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളില്‍നിന്ന് മൊഴിയെടുക്കും.
സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണകാരണമെന്തെന്ന് പറയാനാവൂ എന്നും സി.ഐ. ശ്രീജിത്ത് കൊടേരി പറഞ്ഞു.