കൂത്തുപറമ്പ്: കണ്ണൂര്‍ ജില്ലയിലെ കണ്ണവത്ത് എസ്ഡിപിഐ പ്രവര്ത്തകന് സയ്യിദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോലിസ് ഇരുട്ടില്‍ തപ്പുന്നു. 15ഓളം പേരെ ഇതിനകം ചോദ്യംചെയ്തെങ്കിലും ഒളിവില്‍ക്കഴിയുന്ന മുഖ്യപ്രതികളെ കണ്ടെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരെ മാത്രമാണ് പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ആര്‍എസ്എസ് പ്രവര്‍ത്തകരായ ചൂണ്ടയിലെ അജ്ജു നിവാസില്‍ അമല്‍ രാജ്, ധന്യ നിവാസില്‍ പ്രിബിന്‍, അഷ്ന നിവാസില്‍ ആഷിഖ് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായവരില്‍നിന്ന് കൃത്യം നടത്തിയവരെക്കുറിച്ച് അന്വേഷണ സംഘത്തിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ആക്രമണത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെട്ടതെന്ന് കരുതുന്ന കാറും കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
ചൂണ്ടയിലെ അമല്‍രാജാണ് കോളയാട് സ്വദേശിയില്‍നിന്ന് കാര്‍ വാടകക്കെടുത്തിരുന്നത്. സലാഹുദ്ദീന്റെ കാറില്‍ ഇടിച്ചത് ഉള്‍പ്പെടെയുള്ള ബൈക്കുകളും പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, കൃത്യം നടന്നത് കണ്ണവം വനമേഖലയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അനുകൂലമായ സാഹചര്യമായിരുന്നു. പ്രതികളുടെ രാഷ്ട്രീയ ബന്ധവും പോലിസിനെ കുഴക്കുകയാണ്. അറസ്റ്റ് വൈകുന്തോറും യഥാര്‍ത്ഥ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.