Sunday, October 24, 2021
HomeNewsKeralaകണ്ണൂര്‍ സര്‍വകലാശാലാ സിലബസില്‍ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും വര്‍ഗീയവിഷം തുപ്പുന്ന പുസ്തകങ്ങള്‍

കണ്ണൂര്‍ സര്‍വകലാശാലാ സിലബസില്‍ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും വര്‍ഗീയവിഷം തുപ്പുന്ന പുസ്തകങ്ങള്‍

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പി ജി സിലബസില്‍ വര്‍ഗീയ ആര്‍എസ്.എസ് സൈദ്ധാന്തികരായ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍. അങ്ങേയറ്റം പരമത വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എം എസ് ഗോള്‍വാള്‍ക്കറുടെ ‘നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു’ (വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍സ്), വിചാരധര (ബഞ്ച് ഓഫ് തോട്ട്‌സ്), വി ഡി സവര്‍ക്കറുടെ ‘ആരാണ് ഹിന്ദു’ എന്നീ പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും ശത്രുക്കളായി എണ്ണുന്നതും ഹിന്ദുമതം സ്വീകരിക്കാത്തവര്‍ക്ക് പൗരാവകാശം പോലും നല്‍കരുതെന്നും പരാമര്‍ശിക്കുന്നതാണ് ഗോള്‍വാള്‍ക്കറുടെ പുസ്തകങ്ങള്‍.

അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്ള ഈ കൃതികള്‍ എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പി ജി സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.

എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പിജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പഠഭാഗങ്ങള്‍ ഉള്ളത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപവല്‍ക്കരിക്കാതെ സിലബസ് തയ്യാറാക്കി എന്നാണ് ആക്ഷേപം. ഗവേണന്‍സ് മുഖ്യഘടകമായ കോഴ്‌സില്‍ സിലബസ് നിര്‍മിച്ച അധ്യാപകരുടെ താല്‍പര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകള്‍ തീരുമാനിച്ചത്. സിലബസ് രൂപവല്‍ക്കരണത്തില്‍ വേണ്ട ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. മറ്റ് അധ്യാപകര്‍ നിര്‍ദ്ദേശിച്ച പേപ്പറുകളെല്ലാം തള്ളി കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ് കമ്മിറ്റി പാഠ്യ പദ്ധതി തീരുമാനിച്ചത്.

എംഎ പൊളിറ്റിക്കല്‍ സയന്‍സ് ആയിരുന്ന പി.ജി കോഴ്‌സ് ഈ വര്‍ഷം മുതലാണ് എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് ആയി മാറിയത്. ഇന്ത്യയില്‍ തന്നെ ഈ കോഴ്‌സ് കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ ബ്രണ്ണന്‍ കോളജില്‍ മാത്രമേ ഉള്ളൂ എന്നതിനാല്‍ ഇതിന്റെ സാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് സംഘപരിവാര്‍ ആശയ പ്രചാരണം സിലബസിലൂടെ നടത്തിയിരിക്കുന്നത്.

2021 ജനുവരി 15ന് ആരംഭിച്ച കോഴ്‌സിന്റെ ആദ്യ സെമസ്റ്റര്‍ സിലബസ് പ്രസിദ്ധീകരിച്ചത് ജനുവരി 30നാണ്. ഇന്ത്യയില്‍ മറ്റൊരിടത്തും സമാനമായ കോഴ്‌സ് ഇല്ല. അസിം പ്രേംജി സര്‍വകലാശാലയില്‍ എ.എ പബ്ലിക് പോളിസി ആന്റ് ഗവേണന്‍സ് ഉണ്ട്. സംഭവത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെയടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

Most Popular