Tuesday, May 18, 2021
Home News Kerala കാരാട്ട് ഫൈസലിന് ജയം; ഇടത് സ്ഥാനാഥിര്‍ക്ക് പൂജ്യം വോട്ട്

കാരാട്ട് ഫൈസലിന് ജയം; ഇടത് സ്ഥാനാഥിര്‍ക്ക് പൂജ്യം വോട്ട്

കൊടുവള്ളി: കൊടുവള്ളി നഗരസഭയില്‍ ചുണ്ടപ്പുറം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കാരാട്ട് ഫൈസല്‍ ജയിച്ചപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് പൂജ്യം വോട്ട്. വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായ ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം വിവാദമായ പശ്ചാത്തലത്തില്‍ സി.പി.എം ജില്ല കമ്മിറ്റി അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തത്. പകരം, ഐ.എന്‍.എലിന്റെ ഒ.പി. അബ്ദുല്‍ റഷീദിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. എന്നാല്‍, വാര്‍ഡില്‍ 568 വോട്ട് നേടി ഫൈസല്‍ വിജയിച്ചപ്പോള്‍ റഷീദിന് ഒരുവോട്ടുപോലും ലഭിച്ചില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ.എ. കാദര്‍ 495 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി സദാശിവന്‍ നേടിയത് 50 വോട്ട്. കാരാട്ട് ഫൈസലിന്റെ അപരനായി മത്സരിച്ച കെ. ഫൈസല്‍ ഏഴു വോട്ടു നേടിയപ്പോഴാണ് ഇടതു സ്ഥാനാര്‍ഥിക്ക് ഒരു വോട്ടുപോലും നേടാനാവാതെ പോയത്. സ്ഥാനാര്‍ഥിയുടെ അടുപ്പക്കാര്‍ പോലും അദ്ദേഹത്തിന് വോട്ടു ചെയ്തില്ല.

മത്സരിപ്പിക്കേണ്ടെന്ന് ജില്ല കമ്മിറ്റി തീരുമാനമെടുത്തെങ്കിലും എല്‍.ഡി.എഫ് മെഷിനറി മുഴുവന്‍ പ്രവര്‍ത്തന സജ്ജമായത് കാരാട്ട് ഫൈസലിനുവേണ്ടിയായിരുന്നു. ഇവിടെ ഒരു ബൂത്ത് കെട്ടി എന്നതല്ലാതെ റഷീദിനായി എല്‍.ഡി.എഫ് പ്രചാരണ പ്രവര്‍ത്തനത്തിനിറങ്ങിയിരുന്നില്ല. എല്‍.ഡി.എഫിനൊപ്പം നില്‍ക്കേണ്ടവര്‍ ഫൈസലിന് വേണ്ടിയായിരുന്നു പ്രചാരണം നടത്തിയത്. ഒരു വോട്ടുപോലും ഇടതു സ്ഥാനാര്‍ഥിക്ക് ലഭിക്കാതെ ആ വോട്ടുകളെല്ലാം ഫൈസലിന് ലഭിക്കുന്ന തരത്തിലേക്ക് എല്‍.ഡി.എഫ് നടത്തിയ പ്രവര്‍ത്തനം കൂടിയാണ് വിജയം കണ്ടത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. നേരത്തേ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറായിരുന്നു. പറമ്പത്തുകാവ് വാര്‍ഡില്‍നിന്നും എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചായിരുന്നു നഗരസഭയിലെത്തിയത്.

Most Popular