Saturday, June 25, 2022
HomeNewsKeralaകരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ ശ്രമം; ഗള്‍ഫ് സംഘത്തിന് എയര്‍പോര്‍ട്ടില്‍ ഒത്താശ ചെയ്യുന്നയാള്‍ പിടിയില്‍

കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാ ശ്രമം; ഗള്‍ഫ് സംഘത്തിന് എയര്‍പോര്‍ട്ടില്‍ ഒത്താശ ചെയ്യുന്നയാള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയടക്കം രണ്ട് പേര്‍കൂടി അറസ്റ്റില്‍. സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന കരിപ്പൂര്‍ സ്വദേശി സജിമോന്‍, കൊടുവള്ളി ഒഴലക്കുന്ന് സ്വദേശി മുനവ്വര്‍ എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പി അഷ്റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.

സംഭവദിവസം കവര്‍ച്ചാസംഘങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ സഹായങ്ങള്‍ ചെയ്തുകൊടുത്തത് താനാണെന്ന് സജിമോന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടിലും പരിസരത്തും ടാക്സി സര്‍വീസും മണി എക്സ്ചേഞ്ച് ബിസിനസ്സും ട്രാവല്‍സും മറ്റും നടത്തുന്ന ഇയാളുടെകൂടെ ഉണ്ടായിരുന്ന മറ്റ് പ്രതികളെക്കുറിച്ചും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

സംഭവദിവസം കാരിയറായി വന്ന ഷഫീഖിന്റെ ഫോട്ടോ ഗള്‍ഫില്‍ നിന്ന് ജയ്സല്‍ എന്നയാള്‍ വാട്സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു. ആ ഫോട്ടോ എയര്‍പോര്‍ട്ടിനുള്ളിലെ മറ്റൊരാള്‍ക്ക് ഇയാള്‍ അയച്ചുകൊടുത്തു. ഇയാള്‍ വിമാനമിറങ്ങിയാല്‍ അറിയിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്‌തെന്ന് പോലിസ് പറയുന്നു. ഗള്‍ഫില്‍ സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നവരുമായി സജിമോന് അടുത്ത ബന്ധമുണ്ട്.

അര്‍ജുന്‍ ആയങ്കി എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന ഫോട്ടോയും അയച്ചിരുന്നു. കൂടാതെ, എയര്‍പോര്‍ട്ട് റോഡില്‍ അല്‍പം മാറി നിന്ന് വിവരങ്ങള്‍ യഥാസമയം ഗള്‍ഫിലേക്ക് തല്‍സമയം അറിയിച്ചുകൊണ്ടിരുന്നു.

സജിമോന്‍ നിരവധി തവണ കൊടുവള്ളി താമരശ്ശേരി സ്വര്‍ണ്ണക്കടത്ത് മാഫിയക്ക് വേണ്ടി കാരിയര്‍മാരെ എയര്‍പോര്‍ട്ടിന് പുറത്തെത്തിക്കുകയും റിസീവര്‍മാരെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ശരീരത്തില്‍ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ച സ്വര്‍ണം ലോഡ്ജുകളിലേയും മറ്റും ബാത്ത് റൂമുകളില്‍ സൗകര്യമൊരുക്കി റിസീവര്‍മാര്‍ക്ക് കൈമാറും.

യാത്രക്കാരന്റെ ചിത്രം ഗള്‍ഫിലെ സ്വര്‍ണ്ണക്കടത്തുകാര്‍ ഇയാള്‍ക്ക് അയച്ചുകൊടുക്കുകയോ മൊബൈല്‍ നമ്പര്‍, വണ്ടി നമ്പര്‍ തുടങ്ങിയവ കൈമാറുകയോ ചെയ്താണ് കാരിയറെ തിരിച്ചറിയുന്നത്. എയര്‍പോര്‍ട്ടിന്റെ ഉള്ളില്‍ നിന്ന് ഉദ്യോഗസ്ഥതലത്തില്‍ സഹായം ലഭിക്കുന്നുണ്ടെന്നും ഓഫീസര്‍മാരുമായി ഇടപാടുകള്‍ നടക്കാറുണ്ടെന്നും ഇയാള്‍ പോലിസിനോട് പറഞ്ഞിട്ടുണ്ട്. ഇ

സംഭവദിവസം പിടികൂടിയ രണ്ടര കിലോ സ്വര്‍ണവുമായി ബന്ധപ്പെട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയ ഒ കെ സലാമിന്റേയും ജലീലിന്റെയും ബന്ധുവാണ് അറസ്റ്റിലായ കൊടുവള്ളി ഒഴലക്കുന്ന് സ്വദേശി മുനവ്വര്‍. ഇയാള്‍ ഏകരൂരിലുള്ള ഭാര്യാവീട്ടില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. സംഭവ ദിവസം കൊടുവള്ളി സംഘം സഞ്ചരിച്ച ഇന്നോവ കാറും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഇതോടെ കേസില്‍ 21 പേര്‍ അറസ്റ്റിലായി.
ALSO WATCH

Most Popular