Wednesday, November 30, 2022
HomeNewsKeralaഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ പണംതിരിച്ച് കിട്ടാതെ നിക്ഷേപകര്‍; പാര്‍ട്ടികളും കൈയൊഴിഞ്ഞു

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ പണംതിരിച്ച് കിട്ടാതെ നിക്ഷേപകര്‍; പാര്‍ട്ടികളും കൈയൊഴിഞ്ഞു

കാസര്‍കോട്: കോടികളുടെ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ എം സി ഖമറുദ്ദീനെ അറസ്റ്റ് ചെയ്ത് ഒരുവര്‍ഷം തികയുമ്പോഴും പണം തിരിച്ചുകിട്ടാതെ നിക്ഷേപകര്‍. ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവര്‍ ഇപ്പോഴും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി വാതിലുകള്‍ മുട്ടുകയാണ്.ച

ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാന്‍ ഖമറുദ്ദീനെയും എംഡി പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്തെങ്കിലും മൂന്നാം പ്രതിയും പൂക്കോയ തങ്ങളുടെ മകനുമായ ഹിഷാം ഇപ്പോഴും ഒളിവിലാണ്.
അറസ്റ്റിനുവേണ്ടി മുറവിളികൂട്ടിയ രാഷ്ട്രീയപാര്‍ട്ടികളൊക്കെ വിഷയം മറന്ന മട്ടാണ്. രണ്ടാം പ്രതിയായ പൂക്കോയ തങ്ങള്‍ക്ക് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിച്ചിട്ടുണ്ട്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. ഫാഷന്‍ ഗോള്‍ഡിനെതിരേ പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 25-ഓളം കേസുകളിലാണ് ജാമ്യമനുവദിച്ചത്.

വിഷയം കത്തിനിന്ന വേളയില്‍ ആറ് മാസത്തിനകം നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കണമെന്ന് മുസ്ലിം ലീഗ് എം സി ഖമറുദ്ദീനോട് നിര്‍ദേശിച്ചിരുന്നു. ഇത് ലീഗ് പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ പ്രചരിപ്പിക്കുകയും അത് വിശ്വസിച്ച് നിക്ഷേപകര്‍ തണുക്കുകയും ചെയ്തിരുന്നു. എന്നാല്‍, കേസില്‍ അറസ്റ്റിലായി മൂന്നുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങിയ ഖമറുദ്ദീന്‍ ഇപ്പോള്‍ മുസ്ലിം ലീഗ് വേദികളില്‍ സജീവമായിട്ടുമുണ്ട്. ഖമറുദ്ദീന്റെ പാര്‍ട്ടിയിലെ പദവിയിലും മറ്റും വിശ്വാസമര്‍പ്പിച്ച് പണം നല്‍കിയവര്‍ ഇപ്പോഴും പെരുവഴിയിലാണ്.

നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും ഖമറുദ്ദീനെ ഉപരോധിക്കുന്നതുള്‍പ്പടെയുള്ള സമരങ്ങളുമായി നിക്ഷേപകര്‍ മുന്നോട്ട് പോകുന്നുമുണ്ട്. നിക്ഷേത്തട്ടിപ്പുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകളാണ് നിലവിലുള്ളത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവരാണ് പരാതിക്കാര്‍.

നിക്ഷേപത്തട്ടിപ്പ് കൂടാതെ നികുതിവെട്ടിപ്പിന് ജൂവലറിയുടെ ഡയറക്ടര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ജി.എസ്.ടി. വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. പ്രതികള്‍ ഡയറക്ടര്‍മാരായിരുന്ന മൂന്ന് ജ്വറികളിലായി 2.5 കോടി രൂപയാണ് നികുതി, പിഴ, പലിശ ഉള്‍പ്പെടെ ജിഎസ്ടി വകുപ്പിലേക്ക് അടയ്ക്കേണ്ടത്. ഇതടയ്ക്കാത്തപക്ഷം ഖമറുദ്ദീന്‍ ഉള്‍പ്പടെയുള്ള ഡയറക്ടര്‍മാരുടെ സ്വകാര്യ ആസ്തി ജപ്തി ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

 

Most Popular