Wednesday, September 22, 2021
Home News Kerala കത്‍വ ഫണ്ട് തട്ടിപ്പ്: പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെ കേസ്

കത്‍വ ഫണ്ട് തട്ടിപ്പ്: പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെ കേസ്

കുന്ദമംഗലം: കത്വ ഫണ്ട് തട്ടിപ്പ് പരാതിയില്‍ യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈര്‍, പി കെ ഫിറോസ് എന്നിവര്‍ക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തു. പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ച് മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്ന യൂത്ത് ലീഗ് മുന്‍ നേതാവ് യൂസഫ് പടനിലത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഞാനുണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് എനിക്ക് നല്‍കാവുന്ന ഏറ്റവും ചെറിയ ശിക്ഷയാണ് ഈ കേസെടുക്കുക എന്നത് എന്ന് പി കെ ഫിറോസ് പ്രതികരിച്ചു. സാധാരണ അവര്‍ വധശിക്ഷയാണ് നല്‍കാറുള്ളതെന്നും എത്രത്തോളം മുന്‍പോട്ട് പോവാന്‍ പറ്റുമെന്ന് അവര്‍ നോക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അഭിമന്യുവിന്റെ പേരിലും ഡല്‍ഹി കലാപത്തിന് പിന്നാലെയും സിപിഎം പിരിവ് നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഞങ്ങളും പരാതി കൊടുക്കാന്‍ പോവുകയാണെന്നും വെള്ള കടലാസില്‍ ആക്ഷേപം ഉന്നയിച്ച് പരാതി കൊടുത്താല്‍ പിണറായിക്കും കോടിയേരിക്കും എതിരെ കേസെടുക്കുമോ എന്ന് നോക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതില്‍ നിന്നും പൊലീസിന്റെ നിലപാട് വ്യക്തമാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂസഫ് പടനിലം ആരോപണം ഉന്നയിച്ചതിന് പിന്നാലെ യൂത്ത് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത് പെണ്‍കുട്ടിയുടെ പിതാവിന് അഞ്ച് ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നല്‍കിയെന്നാണ്. അഭിഭാഷകന്‍ മുബീന്‍ ഫാറൂഖിക്ക് കേസ് നടത്തിപ്പിനായി പണം കൈമാറിയെന്നാണ് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചത്. പിന്നാലെ കേസ് നടത്തിപ്പിനായി ഒരു അഭിഭാഷകനും പണം വാങ്ങിയിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍മാരാണ് കേസ് നടത്തുന്നതെന്നും അഭിഭാഷക ദീപിക സിംഗ് രജാവത്ത് പ്രതികരിക്കുകയുണ്ടായി.

 

Most Popular