Saturday, June 12, 2021
Home News Kerala കൂടുതല്‍ പോളിങ് കോഴിക്കോട്; കുറവ് പത്തനംതിട്ടയില്‍, കൂട്ടിയും കുറച്ചും മുന്നണികള്‍

കൂടുതല്‍ പോളിങ് കോഴിക്കോട്; കുറവ് പത്തനംതിട്ടയില്‍, കൂട്ടിയും കുറച്ചും മുന്നണികള്‍

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏറ്റവും ഒടുവില്‍ ലഭിച്ച റിപോര്‍ട്ട് അനുസരിച്ച് 74.02% പോളിങ്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ 74.53% പോളിങ്ങും രേഖപ്പെടുത്തി. 2016ലെ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനമായിരുന്നു പോളിങ്. മേയ് 2ന് ഫലമറിയുക. അതുവരെ കൂട്ടിയും കിഴിച്ചും മുന്നണികള്‍ നെഞ്ചിടിപ്പോടെ ദിവസങ്ങള്‍ തള്ളിനീക്കണം.

ഇത്തവണ മറ്റിടങ്ങളേക്കാള്‍ വടക്കന്‍ കേരളത്തില്‍ പോളിങ് ശതമാനം ഉയര്‍ന്നു. ഉയര്‍ന്ന പോളിങ് കോഴിക്കോട് 78.3%. കുറഞ്ഞ പോളിങ് പത്തനംതിട്ടയില്‍ 67.1%. ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന മഞ്ചേശ്വരത്ത് റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തി-76.61%. 2016ല്‍ 76.31% ആയിരുന്നു ഇവിടെ പോളിങ്. അതേസമയം, കഴിഞ്ഞ തവണ ബിജെപി ജയിച്ച നേമത്ത് പോളിങ് ശതമാനം കുറഞ്ഞു 69.65%. 2016ല്‍ 74.11%.

ജില്ലകളിലെ പോളിങ് ശതമാനം(ബ്രാക്കറ്റില്‍ 2016ലെ ശതമാനം): കാസര്‍കോട്74.8 (78.51), കണ്ണൂര്‍ 77.8 (80.63), വയനാട് 74.7(78.22), കോഴിക്കോട് 78.3(81.89), മലപ്പുറം 74.0(75.83), പാലക്കാട് 76.1(78.37), തൃശൂര്‍ 73.6 (77.74), എറണാകുളം 74.0 (79.77), ഇടുക്കി 70.3(73.59), കോട്ടയം 72.1(76.90), ആലപ്പുഴ 74.4(79.88), പത്തനംതിട്ട 67.1 (71.66), കൊല്ലം 73(75.07), തിരുവനന്തപുരം 70.2 (72.53).

ഒടുവില്‍ ലഭ്യമായ വിവരം അനുസരിച്ച് 150 ബാലറ്റ് യൂണിറ്റുകളും 150 കണ്‍ട്രോള്‍ യൂണിറ്റുകളും 747 വിവിപാറ്റ് മെഷീനുകളും ആണ് തിരഞ്ഞെടുപ്പിനിടയില്‍ തകരാറിലായത്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ നാലു ബാലറ്റ് യൂണിറ്റുകളും നാലു കണ്‍ട്രോള്‍ യൂണിറ്റുകളും 33 വിവിപാറ്റ് മെഷീനുകളും തകരാറിലായി.

ശബരിമല യുവതീപ്രവേശന വിഷയത്തിലായിരുന്നു വോട്ടിങ് ദിനത്തില്‍ നേതാക്കളുടെ പ്രധാന പ്രതികരണം. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി എ.കെ.ബാലന്‍ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. വോട്ടിങിനിടെ ചിലയിടത്ത് സംഘര്‍ഷമുണ്ടായി. കഴക്കൂട്ടത്ത് ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ 5 ബിജെപി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ബിജെപി പ്രവര്‍ത്തകന്റെ കാര്‍ അടിച്ചു തകര്‍ത്തു. ഒരു സിപിഎം പ്രവര്‍ത്തകനും പരുക്കേറ്റു. കള്ളവോട്ടു നടന്നതായി പലയിടങ്ങളിലും ആരോപണമുയര്‍ന്നു.

പാറശാല മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടില്‍ തിരിമറിയെന്നു ബിജെപി പരാതിപ്പെട്ടു. തളിപ്പറമ്പില്‍ കള്ളവോട്ടു നടന്നതായി യുഡിഎഫ് ആരോപിച്ചു. കളമശേരിയില്‍ കള്ളവോട്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ഥി ബൂത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തൃക്കാക്കരയില്‍ മമ്മൂട്ടി വോട്ടു ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ ബിജെപി സ്ഥാനാര്‍ഥിയുടെ ഭാര്യ ചോദ്യം ചെയ്തത് ബഹളത്തിനിടയാക്കി.

ബൂത്തു സന്ദര്‍ശിക്കാനെത്തിയ ആറന്‍മുളയിലെ സിപിഎം സ്ഥാനാര്‍ഥി വീണ ജോര്‍ജിനെ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതിനെത്തുടര്‍ന്ന് വാക്കേറ്റമുണ്ടായി. ബൂത്തുകള്‍ സന്ദര്‍ശിക്കാനെത്തിയ ബാലുശേരിയിലെ സ്ഥാനാര്‍ഥിയും സിനിമാതാരവുമായ ധര്‍മജന്‍ ബോള്‍ഗാട്ടി നാദാപുരം സ്ഥാനാര്‍ഥി പ്രവീണ്‍കുമാര്‍ എന്നിവരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു.

പോളിങ് ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലെ ബൂത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. 51-ാം നമ്പര്‍ ബൂത്തിലാണ് രാവിലെ 9.45-ഓടെ പ്രശ്‌നമുണ്ടായത്. ബൂത്തില്‍ ഉപയോഗിച്ച പത്ര കടലാസിലാണ് മന്ത്രിമാരുടെ ചിത്രങ്ങളുണ്ടായിരുന്നത്. യു.ഡി.എഫ്. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നീക്കംചെയ്തു. മഞ്ചേശ്വരത്തും സമാനമായ പ്രശ്‌നമുണ്ടായി. ഇവിടെ ബിജെപി സ്ഥാനാര്‍ഥിയുടെ പരസ്യം പ്രസിദ്ധീകരിച്ച പത്രം ബൂത്തില്‍ ഉപയോഗിച്ചതായിരുന്നു പ്രശ്‌നം.
ALSO WATCH

 

Most Popular