Wednesday, June 23, 2021
Home News Kerala കേരളം ഇടതിനൊപ്പം തന്നെ; യുഡിഎഫ് കോട്ടകള്‍ തകര്‍ന്നടിഞ്ഞു; തണ്ടൊടിഞ്ഞ് താമര

കേരളം ഇടതിനൊപ്പം തന്നെ; യുഡിഎഫ് കോട്ടകള്‍ തകര്‍ന്നടിഞ്ഞു; തണ്ടൊടിഞ്ഞ് താമര

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി, സര്‍വേ ഫലങ്ങള്‍ ശരിവച്ച് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക്. ഉച്ചയ്ക്ക് 2.30 വരെയുള്ള കണക്കുകള്‍ പ്രകാരം 140 അംഗ സഭയില്‍ 98 സീറ്റുമായി എല്‍ഡിഎഫ് ബഹുദൂരം മുന്നിലാണ്. യുഡിഎഫിന് 42 ഇടങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം. വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയ എന്‍ഡിഎ ഏറ്റവും ഒടുവിലത്തെ ഫലപ്രകാരം ഒരിടത്തും മുന്നിലില്ല.

ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം അലയടിച്ചെന്ന സൂചനയാണ് വിധി നല്‍കുന്നത്. വലതു പക്ഷം ഉയര്‍ത്തിക്കൊണ്ടു വന്ന അഴിമതി ആരോപണങ്ങളൊന്നും ജനങ്ങളെ ഒട്ടും സ്വാധീനിച്ചില്ലെന്നും വ്യക്തമാവുന്നു.

തൃശൂര്‍, തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇടതു മുന്നണി വ്യക്തമായ ആധിപത്യം പുലര്‍ത്തി. തൃശൂരിലെ 13 സീറ്റുകളില്‍ 11 ഇടത്തും എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. തൃശൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി തുടക്കത്തില്‍ മുന്നേറിയെങ്കിലും അവസാന വട്ടത്തില്‍ കൈവിടുന്ന സൂചനയാണ്. ഇവിടെ രണ്ട് മണ്ഡലങ്ങളില്‍ യുഡിഎഫാണ് മുന്നില്‍. പാലക്കാട്ടെ 12 മണ്ഡലങ്ങളില്‍ പത്തിടങ്ങളില്‍ എല്‍ഡിഎഫാണ് മുമ്പില്‍. പാലക്കാട്ട് മെട്രോമാന്‍ ശ്രീധരന്‍ വിജയ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ഒടുവില്‍ ഷാഫി പറമ്പില്‍ അട്ടിമറി വിജയം നേടി. ഇതിനു പുറമേ തൃത്താലയിലും മണ്ണാര്‍ക്കാട്ടും മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ആലപ്പുഴയില്‍ ഹരിപ്പാടും അരൂരും മാത്രമാണ് കോണ്‍ഗ്രസിന്റെ കൈവശമുള്ളത്. പത്തനംതിട്ടയില്‍ കോന്നിയടക്കം അഞ്ചു മണ്ഡലങ്ങളിലും ഇടതു മുന്നണിയാണ് മുമ്പില്‍.

തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളില്‍ ഒരിടത്ത് മാത്രമാണ് (കോവളം) യുഡിഎഫിന് ലീഡുള്ളത്. സംസ്ഥാനം ഉറ്റുനോക്കിയ നേമത്തും എന്‍ഡിഎക്ക് അടിപതറി. കഴിഞ്ഞ തവണ ബിജെപി ജയിച്ച നേമത്ത് ഇടതുസ്ഥാനാര്‍ഥി വി ശിവന്‍കുട്ടി 2000ലേറെ വോട്ടുകള്‍ക്ക് മുന്നിലാണ്. കൊല്ലത്ത് ചാത്തനൂര്‍, ഇരവിപുരം, കൊല്ലം, ചടയമംഗലം, പുനലൂര്‍, പത്തനാപുരം, കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.

കോഴിക്കോട് ജില്ലയിലെ 13 സീറ്റില്‍ 11 ഉം ഇടതിന് ഒപ്പമാണ്. എംകെ മുനീര്‍ മത്സരിച്ച കൊടുവള്ളിയും കെകെ രമ മത്സരിച്ച വടകരയും മാത്രമാണ് യുഡിഎഫിന്റെ കൈവശമുള്ളത്. കോഴിക്കോട് സൗത്തിലും കൊയിലാണ്ടിയിലും കുറ്റ്യാടിയിലും ഇടതിന് നേരിയ ഭൂരിപക്ഷമാണ് ഉള്ളത്.

കണ്ണൂര്‍ ജില്ലയിലെ 11 മണ്ഡലങ്ങളില്‍ ഒമ്പതിടത്തും എല്‍ഡിഎഫാണ് മുമ്പില്‍. ഇരിക്കൂറിലും പേരാവൂരിലും മാത്രമാണ് യുഡിഎഫ് മുമ്പിട്ടു നില്‍ക്കുന്നത്. സംസ്ഥാനം ശ്രദ്ധിച്ച അഴീക്കോട് മണ്ഡലത്തില്‍ 5000ഓളം വോട്ടിന് ഇടതു മുന്നണി മുമ്പിലാണ്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 47,000ഓളം വോട്ടുകള്‍ക്ക് മുമ്പിലാണ്.

ഇടതുതരംഗത്തിനിടയിലും മലപ്പുറം ലീഗിന്റെ കോട്ടയായി ഉറച്ചു നില്‍ക്കുകയാണ്. പൊന്നാനി, നിലമ്പൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കൈയുള്ളത്. ഗ്ലാമര്‍ പോരാട്ടം നടന്ന തവനൂരില്‍ കെ.ടി ജലീല്‍ പിന്നിലാണ്.

കാസര്‍ക്കോട് ജില്ലയില്‍ കാസര്‍ക്കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ യുഡിഎഫ് മുമ്പിലാണ്. ഉദുമ, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും.

 

Most Popular