Friday, July 23, 2021
Home News Kerala സിപിഎം പ്രചാരണം മൂന്ന് ദിവസം പിന്നിടുമ്പോഴും അന്തിമ പട്ടികയാവാതെ കോണ്‍ഗ്രസും ബിജെപിയും

സിപിഎം പ്രചാരണം മൂന്ന് ദിവസം പിന്നിടുമ്പോഴും അന്തിമ പട്ടികയാവാതെ കോണ്‍ഗ്രസും ബിജെപിയും

തിരുവനന്തപുരം: കേരള നിയസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പട്ടികയ്ക്ക അന്തിമ രൂപം കാണാനാവാതെ കോണ്‍ഗ്രസും ബിജെപിയും. സിപിഎം പ്രചാരണമാരംഭിച്ച് മൂന്നു ദിവസം പിന്നിടുമ്പോഴും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നു ഡല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്. പ്രഖ്യാപനം ഞായറാഴ്ചയോ തിങ്കളാഴ്ചയോ ഉണ്ടാകും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പട്ടികയില്‍ ഇടംപിടിക്കാത്ത ചിലരെ ചാക്കിടാന്‍ ലക്ഷ്യമിട്ടാണ് ബിജെപി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നും സൂചനയുണ്ട്.

കീറാമുട്ടിയായി നേമം; ഉമ്മന്‍ ചാണ്ടി ഇല്ല
81 സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതായി കോണ്‍ഗ്രസ് നേതൃത്വം പറയുമ്പോഴും നേമം ഉള്‍പ്പെടെയുള്ള പത്ത് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ പ്രഖ്യാപനം വൈകുകയാണ്. നേമത്തു മത്സരിക്കുമെന്ന വാര്‍ത്തകള്‍ ഉമ്മന്‍ചാണ്ടി നിഷേധിച്ചു. പുതുപ്പള്ളി വിടരുതെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ തടിച്ചുകൂടി. എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായില്ലെന്നാണ് അറിയുന്നത്. ഹരിപ്പാട് മത്സരിക്കുമെന്നു ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. നേതൃത്വം പറഞ്ഞാല്‍ നേമത്തെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കെ മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊല്ലം സീറ്റിന് വേണ്ടി പൊട്ടിക്കരഞ്ഞ് ബിന്ദുകൃഷ്ണ
ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്കു കൊല്ലം സീറ്റ് ലഭിക്കില്ലെന്ന സൂചനയെത്തുടര്‍ന്നു നാടകീയ രംഗങ്ങളുണ്ടായി. പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ബിന്ദുകൃഷ്ണ പൊട്ടിക്കരഞ്ഞു. ബിന്ദുവിനു സീറ്റു ലഭിക്കില്ലെന്ന വാര്‍ത്തകള്‍ വന്നതോടെ മണ്ഡലം പ്രസിഡന്റുമാര്‍ രാജിവച്ചു. കുണ്ടറ സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്നും അവിടെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും ബിന്ദു വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്നു മലമ്പുഴ സീറ്റ് വേണ്ടെന്നു ഭാരതീയ നാഷണല്‍ ജനതാദള്‍ പ്രഖ്യാപിച്ചു.

സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മല്‍സരിച്ചേക്കും
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിക്കാനാണ് സാധ്യത. നേമത്ത് കുമ്മനത്തിനൊപ്പം സുരേഷ് ഗോപിയുടെ പേരും ഉയരുന്നുണ്ട്. ചാത്തന്നൂരില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കണമെന്ന നിര്‍ദേശവും പാര്‍ട്ടി നേതൃത്വത്തില്‍നിന്നുണ്ടായി. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ മത്സരിച്ചേക്കും.

ലീഗിലും തര്‍ക്കം
അതേ സമയം, ലീഗിലും സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി അസ്വാരസ്യം ഉയരുന്നുണ്ട്. തിരൂരങ്ങാടിയില്‍നിന്ന് കെ.പി.എ. മജീദിനെ മാറ്റണമെന്നു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ലീഗ് പ്രവര്‍ത്തകര്‍ ഇന്ന് പാണക്കാട്ടെത്തി പ്രതിഷേധം അറിയിച്ചു. തിരുരങ്ങാടിയില്‍ പിഎംഎ സലാമിന് സീറ്റ് കൊടുക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചു. സലാമിനെ വിമത സ്ഥാനാര്‍ഥിയാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതായും റിപോര്‍ട്ടുണ്ട്.

അതേ സമയം, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്തേക്കിറങ്ങി. സിപിഐ നാല് മണ്ഡലങ്ങളില്‍കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി.
ALSO WATCH

Most Popular