കണ്ണൂര്‍: തിരഞ്ഞെടുപ്പ് നടക്കും മുമ്പേ ബിജെപിക്ക് കനത്ത തിരിച്ചടി. തലശ്ശേരിയിലും ദേവികുളത്തും, ഗുരുവായൂരിലും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളി. തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്.
പത്രികയില്‍ ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതാണ് വിനയായത്. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് എന്‍ ഹരിദാസ്. കണ്ണൂരില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. ഇവിടെ സ്വന്തമായി സ്ഥാനാര്‍ഥി ഇല്ലാതായതോടെ പാര്‍ട്ടി വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. ഡമ്മി സ്ഥാനാര്‍ഥിയിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല. ഇതോടെ തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥില്ലാതായി. 2016-ല്‍ 22,125 വോട്ടാണ് ബിജെപിക്കായി മത്സരിച്ച വി കെ സജീവന്‍ തലശ്ശേരിയില്‍ നേടിയത്.
ഗുരുവായൂരില്‍ അഡ്വ.നിവേദിതയുടെ പത്രികയാണ് തള്ളിയത്.മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയാണ് നിവേദിത. സത്യവാങ്മൂലത്തില്‍ സംസ്ഥാന അധ്യക്ഷന്റെ പേരില്ലാത്തതാണ് കാരണം. ഇവിടെ എന്‍ഡിഎക്ക് ഡമ്മി സ്ഥാനാര്‍ഥിയില്ല.
ദേവികുളത്ത് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കാനിരുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളി. സ്ഥാനാര്‍ഥി ആര്‍ ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ്കളക്ടര്‍ പത്രിക തള്ളിയത്.
ഇതിനിടെ അഴീക്കോട് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.ഷാജിക്കെതിരെ എല്‍ഡിഎഫ് പരാതിയുമായി രംഗത്തെത്തി. ഷാജിയെ ആറ് വര്‍ഷം തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് പരാതി.
തലശ്ശേരിയില്‍ ഡമ്മി സ്ഥാനാര്‍ഥിയുമില്ലാതിരുന്നതോടെയാണ് ഫലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഇല്ലാത്ത സ്ഥിതിയുണ്ടായത്. ദേവികുളത്ത് ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക ആദ്യമേ തള്ളിയിരുന്നു. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നല്‍കുന്ന ഫോം എയില്‍ ഒപ്പില്ലെന്ന കാരണത്താലാണു പത്രിക തള്ളിയത്. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കും.
സീല്‍ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയില്‍ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ.ലിജേഷ് പത്രിക നല്‍കിയിരുന്നെങ്കിലും ഫോം എ രണ്ടു പേര്‍ക്കും ഒന്നായതിനാല്‍ ഈ പത്രികയും സ്വീകരിച്ചില്ല.
മലപ്പുറം കൊണ്ടോട്ടിയിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ.പി.സുലൈമാന്‍ ഹാജി സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയുടെ പരിശോധന തര്‍ക്കങ്ങളെത്തുടര്‍ന്നു മാറ്റി. ജീവിതപങ്കാളി, സ്വത്ത് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചെന്നാണ് ആരോപണം.
ALSO WATCH