Friday, September 17, 2021
Home News Kerala 10 മണ്ഡലങ്ങളില്‍ യുഡിഎഫ് ബിജെപി വോട്ട് വാങ്ങി; കണക്ക് നിരത്തി മുഖ്യമന്ത്രി

10 മണ്ഡലങ്ങളില്‍ യുഡിഎഫ് ബിജെപി വോട്ട് വാങ്ങി; കണക്ക് നിരത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിച്ചത് ബിജെപി വോട്ടിലെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്ക് 4.28 ലക്ഷം വോട്ട് കുറഞ്ഞപ്പോള്‍ യുഡിഎഫിന് 4 ലക്ഷം വോട്ട് കൂടിയതായും മുഖ്യമന്ത്രി കണക്ക് നിരത്തി.

യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത് കച്ചവടക്കണക്കിന്റെ ബലത്തിലാണ്. 90 മണ്ഡലങ്ങളില്‍ ബിജെപിക്ക് 4,28,500 വോട്ട് കുറഞ്ഞത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. പുതിയ വോട്ടര്‍മാരിലെ വര്‍ധനയുടെ ഗുണം ബിജെപിക്ക് മാത്രം എന്തുകൊണ്ട് ലഭിച്ചില്ല? ‘പുറമേ കാണുന്നതിനേക്കാള്‍ വലിയ വോട്ട് കച്ചവടം നടന്നതിന് തെളിവാണ് ബിജെപിയുടെ നിലയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

തിരഞ്ഞെടുപ്പ് രംഗം കണ്ടിരുന്ന ഒരാള്‍ക്കും നാടിന്റെ അനുഭവം അറിയുന്നവര്‍ക്കും യുഡിഎഫ് വിജയിക്കുമെന്ന് പറയാന്‍ സാധിക്കില്ല. യാഥാര്‍ത്ഥ്യങ്ങള്‍ അട്ടിമറിക്കാന്‍ കച്ചവട കണക്കിലൂടെ സാധിക്കുമെന്നായിരുന്നു യുഡിഎഫ് കരുതിയിരുന്നത്. നേരത്തെ തന്നെയുള്ള കച്ചവടം ഇപ്പോള്‍ വിപുലപ്പെട്ടു. എല്ലാം പുറത്തുവന്നിട്ടില്ലെങ്കും കുറേ കാര്യങ്ങള്‍ ഇതിനോടകം വെളിപ്പെട്ടുകഴിഞ്ഞു.

കാസര്‍കോട്-2, കണ്ണൂര്‍-5, വയനാട്-2, കോഴിക്കോട്-9, മലപ്പുറം-9,പാലക്കാട്-5, തൃശൂര്‍-6, എറണാകുളം-12, ഇടുക്കി-5, ആലപ്പുഴ-6, കോട്ടയം-9, പത്തനംതിട്ട-5, കൊല്ലം-5, തിരുവനന്തപുരം-10 ഇങ്ങെയാണ് ബിജെപിക്ക് വോട്ടുകുറഞ്ഞതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

കുണ്ടറ, തൃപ്പൂണിത്തുറ, ചാലക്കുടി, കോവളം, കടുത്തുരുത്തി, പാലാ, കുറ്റ്യാടി, കൊയിലാണ്ടി തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടുകണക്ക് എടുത്തുപറഞ്ഞാണ് മുഖ്യമന്ത്രിയുടെ ആരോപണം. പാലായില്‍ ജോസ് കെ.മാണി തോറ്റത് ബിജെപി വോട്ട് മറിച്ചതിനാലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നേമത്ത് ബിജെപിക്ക് പതിനയ്യായിരത്തോളം വോട്ടുകുറഞ്ഞുവെന്നും പിണറായി ചൂണ്ടിക്കാട്ടി.
ALSO WATCH

Most Popular