Sunday, October 24, 2021
HomeEdiotrs Pickമുസ്ലിം ലീഗിന് നാല് സീറ്റുകള്‍ നഷ്ടമായി; മലപ്പുറത്ത് ലീഡ് കുത്തനെ ഇടിഞ്ഞു

മുസ്ലിം ലീഗിന് നാല് സീറ്റുകള്‍ നഷ്ടമായി; മലപ്പുറത്ത് ലീഡ് കുത്തനെ ഇടിഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് ആഞ്ഞുവീശിയ ഇടതു കൊടുങ്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ഇക്കുറി മുസ്ലിം ലീഗിനും സാധിച്ചില്ല.
നിയമസഭാ ചരിത്രത്തില്‍ 15 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയിലാണ് ലീഗിന് ഇത്തവണ ഉണ്ടായത്. 2016നെ അപേക്ഷിച്ച് മൂന്ന് സീറ്റില്‍ അധികം മത്സരിച്ചിട്ടും അതിന്റെ നേട്ടമുണ്ടാക്കാന്‍ ലീഗിനായില്ല. 2016-ല്‍ യുഡിഎഫ്. നിലംപതിച്ചപ്പോഴും മത്സരിച്ച 24-ല്‍ 18 സീറ്റിലും വിജയം നേടാന്‍ ലീഗിനായിരുന്നു. എന്നാല്‍, ഇക്കുറി 15 സീറ്റുകള്‍ മാത്രമാണ് ലീഗിന് കിട്ടിയത്. മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖ പ്രഭാഷകന്‍ അബ്ദുസ്സമദ് സമദാനിയെ ഇറക്കിയിട്ടും ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതും ലീഗിന് ക്ഷീണം ചെയ്യും.

കാല്‍ നൂറ്റാണ്ടിന് ശേഷം ഒരു വനിതയെ ഉള്‍പ്പെടുത്തിയാണ് മുസ്ലിംലീഗ് ഇത്തവണ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നത്. സിറ്റിങ് മണ്ഡലമായ കോഴിക്കോട് സൗത്തില്‍ മല്‍സരിച്ച നൂര്‍ബിന റഷീദിന് എന്നാല്‍, പാര്‍ട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല. ഐ.എന്‍.എലിന്റെ അഹമ്മദ് ദേവര്‍കോവില്‍ ഇവിടെ 12,459 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൂര്‍ബിനയ്ക്കെതിരെ ജയിച്ചത്. 2016-ല്‍ 2,327 വോട്ടിന്റെ ഭൂരിപക്ഷത്തിന് എം കെ മുനീര്‍ ജയിച്ച് മണ്ഡലമാണിത്.

അതേസമയം, മുനീറിലൂടെ കഴിഞ്ഞ തവണ കൈവിട്ട കൊടുവള്ളി ലീഗിന് പിടിച്ചെടുക്കാനായി എന്നത് ആശ്വാസകരമാണ്. സിറ്റിങ് എം.എല്‍.എ. കാരാട്ട് റസാഖിനെ 6,504 വോട്ടുകള്‍ക്കാണ് മുനീര്‍ പരാജയപ്പെടുത്തിയത്. കോഴിക്കോട് സൗത്തിനെ കൂടാതെ അഴീക്കോട്, കളമശ്ശേരി, കുറ്റ്യാടി എന്നീ മണ്ഡലങ്ങളാണ് ലീഗിന് ഇത്തവണ നഷ്ടമായത്.

അട്ടിമറിജയത്തിലൂടെ രണ്ടു തവണ അഴീക്കോട് പ്രതിനിധീകരിച്ച കെ.എം. ഷാജിയെ ഇത്തവണ മണ്ഡലം കൈവിട്ടു. പാലാരിവട്ടം പാലം അഴിമതി ചര്‍ച്ചയായ കളമശ്ശേരിയില്‍ സിറ്റിങ് എം.എല്‍.എ. ആയിരുന്ന വി.എം. ഇഹ്രാഹികുഞ്ഞിന്റെ മകനെ സ്ഥാനാര്‍ഥിയാക്കിയ ലീഗിന്റെ തീരുമാനം പിഴച്ചു. വി.ഇ. അബ്ദുള്‍ ഗഫൂറിനെതിരെ 11,132 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം. സ്ഥാനാര്‍ഥി പി.രാജീവ് ജയിച്ചത്.

കുറ്റ്യാടിയില്‍ കഴിഞ്ഞ തവണത്തെ അട്ടിമറി ജയം നേടിയ പാറക്കല്‍ അബ്ദുല്ലയ്ക്ക് ആവര്‍ത്തിക്കാനായില്ല. സി.പി.എം. സ്ഥാനാര്‍ഥി കെ.പി. കുഞ്ഞമ്മദ് കുട്ടി 490 വോട്ടുകള്‍ക്ക് ഇവിടെ ജയിച്ചു. മലപ്പുറത്തെ മണ്ഡലങ്ങളെല്ലാം മുസ്ലിലീഗിന് നിലനിര്‍ത്താനായെങ്കിലും കഴിഞ്ഞ തവണ കൈവിട്ട താനൂര്‍ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനെ നിയോഗിച്ചിട്ടും ഇത്തവണ പിടിച്ചെടുക്കാനായില്ല. തിരുവമ്പാടിയിലും ജയിക്കാനായില്ല. പെരിന്തല്‍മണ്ണയില്‍ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനാണ് നജീബ് കാന്തപുരം ജയിച്ചത്. ഗുരുവായൂരില്‍ മല്‍സരിച്ച പ്രമുഖ നേതാവ് കെഎന്‍എ ഖാദര്‍ 18000ലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

മുസ്ലിംലീഗ് ജയിച്ച മണ്ഡലങ്ങള്‍
വേങ്ങര- പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം- പി. ഉബൈദുള്ള
മഞ്ചേരി- യു.എ. ലത്തീഫ്
വള്ളിക്കുന്ന്- പി. അബ്ദുള്‍ഹമീദ് മാസ്റ്റര്‍
തിരൂരങ്ങാടി- കെ.പി.എ. മജീദ്
കോട്ടക്കല്‍- ആബിദ് ഹുസൈന്‍ തങ്ങള്‍
മങ്കട- മഞ്ഞളാംകുഴി അലി
തിരൂര്‍- കുറുക്കോളി മൊയ്തീന്‍
ഏറനാട്- പി.കെ. ബഷീര്‍
കൊണ്ടോട്ടി- ടി.വി. ഇബ്രഹിം
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
മണ്ണാര്‍ക്കാട്- എന്‍. ഷംസുദ്ദീന്‍
കൊടുവള്ളി- എം.കെ. മുനീര്‍
മഞ്ചേശ്വരം – എ.കെ.എം. അഷ്റഫ്
കാസര്‍കോട്- എന്‍.എ. നെല്ലിക്കുന്ന്

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ സമദാനി
മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥി എം.പി.അബ്ദുസമദ് 1,14,615 വോട്ടുകള്‍ക്ക് വിജയിച്ചെങ്കിലും ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടിക്ക് 2019-ല്‍ 2,60,153 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ലഭിച്ചിരുന്നത്. സാനു തന്നെയായിരുന്നു അന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 93913 വോട്ടുകള്‍ ഇത്തവണ സാനുവിന് അധികം നേടാനായി. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച എ.പി.അബ്ദുള്ളക്കുട്ടിക്ക് കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചയത്രയും വോട്ട് ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

ഇത്തവണത്തെ വോട്ട് നില
അബ്ദുസമദ് സമദാനി (യുഡിഎഫ്)- 5,38,248
വി.പി.സാനു (എല്‍ഡിഎഫ്)- 4,23,633
എ.പി.അബ്ദുള്ളക്കുട്ടി- 68,935

മലപ്പുറത്തെ 2019-ലെ ഫലം
പി.കെ.കുഞ്ഞാലിക്കുട്ടി (യുഡിഎഫ്)- 5,89,873
വി.പി.സാനു(എല്‍ഡിഎഫ്)-3,29,720
ഉണ്ണികൃഷ്ണന്‍ (ബിജെപി)- 82332
ALSO WATCH

 

Most Popular