തൃശൂര്‍: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് കോടികളുടെ കുഴല്‍പ്പണം കടത്തിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം. കേസില്‍ പ്രധാന കണ്ണിയായ ധര്‍മരാജനും സുരേന്ദ്രന്റെ മകനും പലതവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് പോലിസ് കണ്ടെത്തല്‍. തിരഞ്ഞെടുപ്പ് സമയത്ത് ഇരുവരും കോന്നിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ഇക്കാര്യത്തില്‍ സുരേന്ദ്രന്റെ മകന്റെയും മൊഴിയെടുക്കും.
മകന്റെ ഫോണ്‍ ഉപയോഗിച്ച് സുരേന്ദ്രന് ധര്‍മരാജനുമായി സംസാരിച്ചതായാണ് പോലിസ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനാണ് പോലിസ് ശ്രമം.
അതേസമയം, കോടികളുടെ കുഴല്‍പണ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്, ഡ്രൈവര്‍ ലബീഷ് എന്നിവരെ ചോദ്യം ചെയ്തിരുന്നു. ഇവര്‍ 2 പേരും കുഴല്‍പണ ഇടപാടു നടന്നെന്നു പറയുന്ന ദിവസങ്ങളില്‍ പണം കൈകാര്യം ചെയ്ത ധര്‍മരാജനുമായി പലതവണ ബന്ധപ്പെട്ടിരുന്നെന്നു കണ്ടെത്തി. തിരഞ്ഞെടുപ്പു സാമഗ്രികള്‍ക്കു വേണ്ടിയാണെന്നാണ് ഇരുവരും മൊഴി നല്‍കിയിട്ടുള്ളത്.
അതിനിടെ, തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി എംപിയില്‍നിന്നു പോലിസ് മൊഴിയെടുക്കുമെന്നു സൂചനയുണ്ട്. ഇവിടെ ചെലവഴിച്ച ഫണ്ട്, അതില്‍ കുഴല്പണത്തിന്റെ സാന്നിധ്യം എന്നിവ സംബന്ധിച്ചുള്ള വിവരശേഖരണമാണു ലക്ഷ്യമിടുന്നത്. ബിജെപി ഓഫിസിനു താഴെ പ്രവര്‍ത്തിച്ചിരുന്ന സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസില്‍ കുഴല്‍പണവുമായി ബന്ധമുള്ളവര്‍ എത്തിയിരുന്നെന്ന സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്.
ബിജെപിയെ കരിവാരിത്തേക്കാന്‍ ശ്രമമെന്ന്
അതേ സമയം, കുഴല്‍പ്പണത്തിന്റെ പേരില്‍ ബിജെപിയെ കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നതായി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി. മുരളീധരനും ആരോപിച്ചു. ബിജെപിയെ കരിതേച്ച് ജനമധ്യത്തില്‍ ഒറ്റപ്പെടുത്താനാണു ശ്രമം. നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നും കുമ്മനം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ALSO WATCH