പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏഴാം പോരാട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ വിജയം നേടിയത്. ഹൈദരാബാദിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് മറികടന്നു. മലയാളി താരം അബ്ദുല്‍ ഹക്കു (29), ജോര്‍ദാന്‍ മറെ (88) എന്നിവരാണു ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. മികച്ച കളി പുറത്തെടുത്തിട്ടും ഗോള്‍ നേടാന്‍ സാധിക്കാതെ പോയത് ഹൈദരാബാദിന് തിരിച്ചടിയായി.
29ാം മിനിറ്റില്‍ മലയാളി താരം അബ്ദുല്‍ ഹക്കുവിന്റെ ഹെഡര്‍ ഗോളില്‍ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഫകുണ്ടോ പെരേര കോര്‍ണറില്‍നിന്ന് ഉയര്‍ത്തി നല്കിയ പന്തില്‍ തല വച്ചാണ് ഹക്കു സീസണിലെ ആദ്യ ഗോള്‍ നേടിയത്. ഐഎസ്എല്‍ സീസണില്‍ ഹക്കു ആദ്യ ഇലവനില്‍ കളിക്കാനിറങ്ങിയ മത്സരം കൂടിയാണിത്. രണ്ടാം പകുതിയില്‍ ഹൈദരാബാദ് ഗോള്‍ നേടാന്‍ ബ്ലാസ്റ്റേഴ്സ് ബോക്സില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയെങ്കിലും കേരളത്തിന്റെ പ്രതിരോധനിര എല്ലാ നീക്കങ്ങളും തടഞ്ഞിട്ടു.
88ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് ഉയര്‍ത്തി. തുടര്‍ച്ചയായുള്ള ഹൈദരാബാദിന്റെ രണ്ട് നീക്കങ്ങള്‍ക്കു ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടിയത്. രോഹിത് കുമാര്‍ നല്കിയ പന്ത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റതാരം രാഹുലിന് പിടിച്ചെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഓസ്ട്രേലിയന്‍ സ്ട്രൈക്കര്‍ ജോര്‍ദാന്‍ മറെയ്ക്ക് പന്തുകിട്ടി. പിഴവുകളില്ലാതെ മറെ ബോള്‍ വലയിലെത്തിച്ചു. മറെയുടെ സീസണിലെ രണ്ടാം ഗോളാണിത്. ജയത്തോടെ ബ്ലാസ്റ്റേഴ്സിന് ആറു പോയിന്റായി. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് കേരളം.