Sunday, April 18, 2021
Home News Kerala കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്; ഒരു മരണം കൂടി

കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്; ഒരു മരണം കൂടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ- 17, കുവൈത്ത്- 12, സൗദി അറേബ്യ- 4, ഒമാന്‍- 2, മാലിദ്വീപ്- 1), 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 3 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കണ്ണൂരില്‍ മരിച്ചയാള്‍ക്ക് കോവിഡ്

കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ നിര്യാതനായ ഉസ്മാന്‍ കുട്ടിക്ക് (71 വയസ്സ്) കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. ജൂണ്‍ 9ന് മുംബൈയില്‍ നിന്നു ട്രെയിന്‍ മാര്‍ഗമാണ് അദ്ദേഹം എത്തിയത്. ഹൃദ്രോഗിയായിരുന്ന ഇദ്ദേഹത്തിന് ഗുരുതര ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 19 പേരാണ് മരണമടഞ്ഞത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ 9

ഇന്ന് പുതുതായി 9 ഹോട്ടസ്പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുനിസിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷന്‍, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ കോരുതോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

14 പ്രദേശങ്ങളെ ഹോട്‌സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ പൈവളികെ, പിലിക്കോട്, എറണാകുളം ജില്ലയിലെ കൊച്ചിന്‍ കോര്‍പറേഷന്‍, വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാല്‍, പനമരം, മുട്ടില്‍, കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോര്‍പറേഷന്‍, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ എന്നിവയെയാണ് ഹോട്ടസ്പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. നിലവില്‍ ആകെ 128 ഹോട്ട്‌സ്പോട്ടുകളാണ് ഉള്ളത്.

Most Popular