Monday, September 27, 2021
Home News Kerala സംസ്ഥാനത്ത് തുടര്‍ച്ചയായി അഞ്ചാം ദിനവും 100 കടന്ന് കോവിഡ് രോഗികള്‍

സംസ്ഥാനത്ത് തുടര്‍ച്ചയായി അഞ്ചാം ദിനവും 100 കടന്ന് കോവിഡ് രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 141 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇന്ന് ഒരാള്‍ കോവിഡ് മൂലം മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്ത് കുമാറാണ് മരിച്ചത്. ഡല്‍ഹിയില്‍നിന്നാണ് ഇദ്ദേഹം എത്തിയത്.

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഗലക്ഷണങ്ങളില്ലാതെ രോഗബാധിതരാകുന്ന ചില കേസുകളുണ്ട്. ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ഇന്ന് 60 പേരാണ് രോഗമുക്തി നേടിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഒരു ഹെല്‍ത്ത് വര്‍ക്കര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട-27, പാലക്കാട്-27, ആലപ്പുഴ-19, തൃശ്ശൂര്‍-14, എറണാകുളം-13, മലപ്പുറം-11, കോട്ടയം-8, കോഴിക്കോട്-6, കണ്ണൂര്‍-6, തിരുവനന്തപുരം-4, കൊല്ലം-4, വയനാട്-2.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-15, കോട്ടയം-12, തൃശ്ശൂര്‍-10, എറണാകുളം-6, പത്തനംതിട്ട-6, കൊല്ലം-4, തിരുവനന്തപുരം-3, വയനാട്-3, കണ്ണൂര്‍-1.

4,473 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 3,451 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 1620 പേരാണ്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 111 ആയി. വിവിധ ജില്ലകളില്‍ 100 ല്‍ കൂടുതല്‍ രോഗികള്‍ ചികിത്സയിലുണ്ട്. മലപ്പുറം- 201 പാലക്കാട്- 154, കൊല്ലം- 150, എറണാകുളം- 127, പത്തനംതിട്ട- 126, കണ്ണൂര്‍- 120, തൃശ്ശൂര്‍- 113, കോഴിക്കോട്- 107, കാസര്‍കോട്- 102 എന്നിങ്ങനെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular