Thursday, September 16, 2021
Home News Kerala കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്; മലപ്പുറത്ത് സമൂഹവ്യാപന ആശങ്ക

കേരളത്തില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്; മലപ്പുറത്ത് സമൂഹവ്യാപന ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42 പേര്‍ രോഗമുക്തരായതായും ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ 4 പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

42 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (പാലക്കാട്-1), ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേരുടെയും, തിരുവനന്തപുരം, എറണാകുളം (കോട്ടയം), വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 2015 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2150 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

13 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍
ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂര്‍ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോര്‍പറേഷന്‍ (67) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 124 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

മലപ്പുറം ജില്ലയില്‍ സമൂഹവ്യാപന ആശങ്ക
മലപ്പുറം ജില്ലയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി മലപ്പുറം ജില്ലാഭരണകൂടം. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നുണ്ടോയെന്നറിയാന്‍ പ്രത്യേക സ്‌ക്വാഡിനെ രൂപവത്കരിക്കുമെന്നും ജില്ലാകളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ സമൂഹവ്യാപന ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ ഇപ്പോള്‍ 218 കോവിഡ് രോഗികളാണുള്ളത്. ഇതില്‍ 169 പേരും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ബാക്കി ഉള്ളവര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ കഴിയുകയാണ്. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെയാണ് ഇത്തരം സെന്ററുകളിലേക്ക് മാറ്റുന്നത്. ഇത്തരത്തില്‍ സഫ കാളികാവ് സെന്ററില്‍ 42 പേരും സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ബോയിസ് ഹോസ്റ്റലില്‍ ഏഴുപേരുമാണ് ചികിത്സയിലുള്ളതെന്നും കളക്ടര്‍ വ്യക്തമാക്കി.

ഇത് വരെ ജില്ല സുരക്ഷിതമായ നിലയിലായിരുന്നു. എന്നാല്‍ ശനിയാഴ്ച 47 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി.

12 കേസുകള്‍ ഉറവിടമറിയാതെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതില്‍ എട്ട് കേസുകളുടെ ഉറവിടം കണ്ടെത്തിയെന്നും ബാക്കി നാല് രോഗികളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കളക്ടര്‍ വ്യക്തമാക്കി. ഉറവിടം കണ്ടെത്തിയ രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണെന്നും കളക്ടര്‍ അറിയിച്ചു,

ജില്ലയില്‍ എവിടെയും കോവിഡ് ലക്ഷണങ്ങള്‍ ആര്‍ക്കെങ്കിലും പ്രകടമായാല്‍ ഉടനെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.

ബന്ധപ്പെടേണ്ട നമ്പര്‍ 0483 2733 251,252,253, 1056,1077

Most Popular