Saturday, September 25, 2021
Home News Kerala കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്; 20 ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിയാവുന്നു

കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്; 20 ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിയാവുന്നു

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3997 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 249 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 20 പേരുടെ മരണം സ്ഥിരീകരിച്ചതായും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് 57879 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 67 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 36,027 സാമ്പിളുകള്‍ പരിശോധിച്ചു. 3347 പേര്‍ രോഗമുക്തരായി. ഇതുവരെ 1,79,922 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 57,879 ആക്ടീവ് കേസുകളാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗവ്യാപനത്തിന്റെ തോത് നിര്‍ണയിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്രയും നാള്‍ നാം മുന്നിലായിരുന്നു. അതിന് ഇപ്പോള്‍ ഇളക്കംതട്ടിയിട്ടുണ്ട്. 20 ദിവസം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് രോഗികളുടെ 10 ലക്ഷത്തിന് 5143 എന്ന നിലയിലേക്ക് ഉയര്‍ന്നു. ഇന്ത്യന്‍ ശരാരശരി 5852 ആണ്. മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ കുറവാണ്. 1.6 ശതമാനമാണ് ദേശീയ ശരാശരിയെങ്കില്‍ കേരളത്തില്‍ അത് 0.4 ശതമാനം മാത്രമാണ്. മികച്ച പരിചരണത്തിന്റെയും സൗകര്യങ്ങളുടെയും ഗുണഫലമാണിതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

രോഗികളുടെ എണ്ണം വര്‍ധിച്ചതിന് ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. രോഗവ്യാപനം കുറച്ചാല്‍ മാത്രമേ മരണവും കുറയ്ക്കാന്‍ സാധിക്കൂ. രോഗവ്യാപനം കുറയ്ക്കുന്നതിന് കര്‍ശന നടപടികളിലേയ്ക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular