Monday, September 27, 2021
Home News Kerala സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ്; പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ്; പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 121 പേര്‍ക്ക്. 79 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 24ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞ തമിഴ്‌നാട് സ്വദേശി അരസാകരന്റെ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഒമ്പത് സിഐഎസ്എഫുകാരും ഉള്‍പ്പെടുന്നു.

തൃശ്ശൂര്‍- 26, കണ്ണൂര്‍- 14, മലപ്പുറം- 13, പത്തനംതിട്ട- 13, പാലക്കാട്- 12, കൊല്ലം- 11, കോഴിക്കോട്- 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ചുവീതം, കാസര്‍കോട്, തിരുവനന്തപുരം നാലുവീതം എന്നിങ്ങനെയാണ് ഇന്ന് പോസിറ്റീവായവരുടെ ജില്ല തിരിച്ച കണക്ക്.

തിരുവനന്തപുരം -3, കൊല്ലം- 18, ആലപ്പുഴ, കോട്ടയം 8 വീതം, എറണാകുളം-4, തൃശ്ശൂര്‍-5, പാലക്കാട്-3, കോഴിക്കോട്-8, മലപ്പുറം-7, കണ്ണൂര്‍- 13, കാസര്‍കോട്-2 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 118 ആണ്. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ഇന്നു വൈകിട്ട് അഞ്ചുമുതല്‍ ജൂലൈ ആറ് അര്‍ധരാത്രിവരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കും. എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ വ്യാപകമായ ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും.

ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, ട്രാന്‍സ്പോര്‍ട്ട് ഹബ്ബുകള്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ എന്നവര്‍ക്ക് ലക്ഷണമില്ലെങ്കില്‍ക്കൂടി പരിശോധന നടത്തും. മാര്‍ക്കറ്റുകളിലും പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍നിന്നുള്ള മെഡിക്കല്‍ ടീമിനെ ഈ പ്രദേങ്ങളില്‍ നിയോഗിക്കും.

അടുത്ത മൂന്ന് ദിവസം ക്ലസ്റ്റര്‍ സോണുകളില്‍ വിശദമായ പരിശോധനയും വീടുതോറുമുള്ള സര്‍വേയും നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീവ്രരോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ കുറഞ്ഞത് പതിനായിരം പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular