Thursday, August 5, 2021
Home News Kerala സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍; ക്വാറന്റീന്‍ 7 ദിവസം; ഹോട്ടലുകളില്‍ ഇരുന്ന്...

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍; ക്വാറന്റീന്‍ 7 ദിവസം; ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫിസുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ പലതും പിന്‍വലിച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ മുഴുവന്‍ ജീവനക്കാരും ഇനി ജോലിക്കെത്തണം. എന്നാല്‍ കോവിഡ് മാനദണ്ഡം പാലിച്ചു വേണം പൊതുമേഖലസ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍.

അന്യസംസ്ഥാനങ്ങളില്‍ നിന്നു കേരളം സന്ദര്‍ശിക്കുന്നവര്‍ക്കും അന്യസംസ്ഥാനങ്ങളില്‍ പോയി മടങ്ങുന്നവര്‍ക്കും ഇനി മുതല്‍ 7 ദിവസത്തെ ക്വാറന്റീന്‍ മതി. നിലവില്‍ ഇത് 14 ദിവസമാണ്, ഇനി അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ക്വാറന്റീന്‍ തുടരേണ്ട കാര്യമില്ല. അതേസമയം, ആരോഗ്യപ്രോട്ടോക്കോള്‍ പ്രകാരം 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കുന്നതാണ് അഭികാമ്യമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

കച്ചവട ആവശ്യങ്ങള്‍ക്കും ചികിത്സയ്ക്കും മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി കേരളത്തിലേക്ക് വരുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ ഇളവ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഹോട്ടലുകളിളും റസ്റ്റോറന്റുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി.

Most Popular