കേരളത്തില്‍ ഇന്ന് 12 പേര്‍ക്കു കോവിഡ്; എല്ലാവരും പുറത്തുനിന്നെത്തിയവര്‍

kerala covid news update

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആര്‍ക്കും രോഗമുക്തിയില്ല. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്നു വീതം എന്നിങ്ങനെയാണ് ഇന്നത്തെ രോഗ ബാധിതരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് പോസിറ്റീവായ എല്ലാവരും പുറത്തുനിന്ന് വന്നവരാണ്. സംസ്ഥാനത്തു സമൂഹവ്യാപനം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തുനിന്ന് എത്തിയ 4 പ്രവാസികള്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 8 പേര്‍ക്കുമാണ് ഇന്ന് കോവിഡ് ബാധ കണ്ടെത്തിയത്. മഹാരാഷ്ട്ര 6, ഗുജറാത്ത് 1 , തമിഴ്‌നാട് 1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ രോഗബാധിതരുടെ കണക്ക്. 642 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 142 പേര്‍ ചികില്‍സയിലുണ്ട്. 72000 പേരാണ് നിരീക്ഷണത്തിലുള്ളത്.

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്ത്, കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്ത് എന്നിവ പുതുതായി ഹോട്ട്‌സ്‌പോട്ടുകളില്‍പ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 33 ആയി.

kerala covid update: 12 more corona positive cases today