Monday, March 8, 2021
Home News Kerala കേരളത്തില്‍ 91 പേര്‍ക്ക് കൂടി കോവിഡ്; മൊത്തം 1174 പേര്‍ ചികില്‍സയില്‍, 6 പുതിയ ഹോട്ട്‌സ്‌പോട്ട്

കേരളത്തില്‍ 91 പേര്‍ക്ക് കൂടി കോവിഡ്; മൊത്തം 1174 പേര്‍ ചികില്‍സയില്‍, 6 പുതിയ ഹോട്ട്‌സ്‌പോട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 27, മലപ്പുറം 14, കോഴിക്കോട് 13, കാസര്‍ഗോഡ് 8 , കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നും 5 പേര്‍ക്ക് വീതം, കണ്ണൂര്‍ 4 , തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, വയനാട് 2, പാലക്കാട് ജില്ലയില്‍ നിന്നും ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവരാണ്. യു.എ.ഇ.-42, കുവൈത്ത്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1 എന്നിങ്ങനെയാണ് വിദേശത്ത് നിന്നെത്തിയവരുടെ കണക്ക്. 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടഞ്ഞു. മേയ് 16ന് മാലിദ്വീപില്‍ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. 16 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് മരണമടഞ്ഞത്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 814 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

പുതുതായി 6 ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 150 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Most Popular