Sunday, June 20, 2021
Home News Kerala തോല്‍ക്കാനായി ജനിച്ചവന്‍; മല്‍സരിച്ച രണ്ടിലും തോറ്റ് കെ സുരേന്ദ്രന്‍, അവസാന ചിരി ശോഭയുടേത്

തോല്‍ക്കാനായി ജനിച്ചവന്‍; മല്‍സരിച്ച രണ്ടിലും തോറ്റ് കെ സുരേന്ദ്രന്‍, അവസാന ചിരി ശോഭയുടേത്

പയ്യന്നൂര്‍: വലിയ പ്രതീക്ഷകളുമായി പണം വാരിയെറിഞ്ഞ് മല്‍സരത്തിനിറങ്ങിയ എന്‍ഡിഎയെ കേരള ജനത നിലംതൊടീച്ചില്ല. ആകെയുള്ള ഒരു സീറ്റും നഷ്ടപ്പെട്ട് എന്‍ഡിഎ സംപൂജ്യരായി. രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ച കെ സുരേന്ദ്രന്‍ രണ്ടിടത്തും തോറ്റു എന്നതാണ് ശ്രദ്ധേയമായ കാര്യം. നേമത്തും പാലക്കാടും മഞ്ചേശ്വരത്തും ചില സന്ദര്‍ഭങ്ങളില്‍ മേല്‍ക്കൈ നേടിയെങ്കിലും അവസാന ലാപ്പില്‍ അടിപതറി.

പാലക്കാട് ഇ ശ്രീധരന്റെ അപ്രതീക്ഷിത മുന്നേറ്റം പലരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍, ഷാഫി പറമ്പില്‍ എന്ന യുവനേതാവിന്റെ കരുത്തിന് മുന്നില്‍ ഒടുവില്‍ ശ്രീധരന്‍ വീണു. താന്‍ മുഖ്യമന്ത്രിയാവും എന്ന് പ്രഖ്യാപിച്ച് മല്‍സരത്തിനിങ്ങിയ മെട്രോമാന്‍ തിരഞ്ഞെടുപ്പിന് മുമ്പ് ട്രോളന്മാരുടെ ചാകരയായിരുന്നു. കഴിഞ്ഞ തവണ ഒ രാജഗോപാലിലൂടെ ജയിച്ച നേമവും ഇത്തവണ ബിജെപിയെ കൈവിട്ടു. കുമ്മനം രാജശേഖരനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനിറങ്ങിയ എന്‍ഡിഎയെ വി ശിവന്‍ കുട്ടിയിലൂടെ ഇടതുപക്ഷം അട്ടിമറിച്ചു. വലിയ പ്രതീക്ഷകളുമായി ഇറങ്ങിയ കെ മുരളീധരന്‍ ഇവിടെ മൂന്നാം സ്ഥാനത്തെത്തി.

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാജയമാണ് ബിജെപിക്ക് ഏറ്റവും വലിയ നാണക്കേടായത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായി രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ച സുരേന്ദ്രന്‍ രണ്ടിലും തോറ്റു. സാധാരണ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളും മറ്റുമാണ് രണ്ട് സ്ഥലങ്ങളില്‍ മല്‍സരിക്കാറുള്ളത്. മഞ്ചേശ്വരത്ത് ആയിരത്തിലേറെ വോട്ടുകള്‍ക്കും കോന്നിയില്‍ 7000ലേറെ വോട്ടുകള്‍ക്കുമാണ് സുരേന്ദ്രന്‍ തോറ്റമ്പിയത്. കഴിഞ്ഞ തവണത്തെ ചെറിയ വോട്ടുകളുടെ വ്യത്യാസം മഞ്ചേശ്വരത്ത് ഇത്തവണ മറികടക്കാമെന്ന സുരേന്ദ്രന്റെ പ്രതീക്ഷ അസ്ഥാനത്തായി. ശബരിമലയുടെ പേരില്‍ ധ്രുവീകരണം നടത്തി വോട്ട് തട്ടാനുള്ള കോന്നിയിലെ ശ്രമവും ജനം തള്ളിക്കളഞ്ഞു. ഹെലികോപ്ടറില്‍ പറന്നാണ് സുരേന്ദ്രന്‍ രണ്ടിടത്തുമായി പ്രചാരണത്തിനെത്തിയത്. പണം വാരിയെറിഞ്ഞുള്ള പ്രചാരണം പക്ഷേ ജനം തള്ളിക്കളഞ്ഞു. ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹവാല പണം ഉപയോഗിച്ചതിനുള്ള തെളിവുകള്‍ ഈയിടെ പുറത്തുവന്നിരുന്നു.

രണ്ട് ഇടങ്ങളില്‍ മല്‍സരിക്കാനുള്ള സുരേന്ദ്രന്റെ തീരുമാനം പുറത്തുവന്നപ്പോള്‍ ബിജെപി വനിതാ നേതാവ് ശോഭാ സുരേന്ദ്രന്‍ അതിനെ ട്രോളി രംഗത്തെത്തിയിരുന്നു. ബിജെപിക്കും കേരളത്തിനും കിട്ടിയ അപൂര്‍വ്വ സൗഭാഗ്യം എന്നായിരുന്നു ശോഭയുടെ ഇതേക്കുറിച്ചുള്ള പ്രതികരണം. തന്നെ ഒതുക്കാന്‍ ശ്രമിച്ച സുരേന്ദ്രന്‍ രണ്ടിടത്തും പരാജയപ്പെട്ടത് കണ്ട് ഇപ്പോള്‍ ശോഭ ചിരിക്കുന്നുണ്ടാവണം.

Most Popular