Tuesday, May 18, 2021
Home Ediotrs Pick മലപ്പുറം ജില്ലയില്‍ അട്ടിമറികള്‍ പ്രവചിച്ച് മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം; ലീഗ് കോട്ടകള്‍ ഇളകുമോ?

മലപ്പുറം ജില്ലയില്‍ അട്ടിമറികള്‍ പ്രവചിച്ച് മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം; ലീഗ് കോട്ടകള്‍ ഇളകുമോ?

കോഴിക്കോട്: ലീഗിന്റെ ഉരുക്കു കോട്ടയായ മലപ്പുറം ജില്ലയില്‍ ഇക്കുറി ചില അട്ടിമറികള്‍ നടക്കുമെന്ന് മാതൃഭൂമി ന്യൂസ് ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോള്‍. പെരിന്തല്‍മണ്ണ, വള്ളിക്കുന്ന്, തിരൂര്‍ മണ്ഡലങ്ങളിലാണ് മാതൃഭൂമി എക്‌സിറ്റ് പോള്‍ അട്ടിമറി പ്രവചിക്കുന്നത്. മഞ്ചേരിയില്‍ പോരാട്ടം ഇഞ്ചോടിഞ്ച് ആണെന്നും സൂചന നല്‍കുന്നു.

മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സാധ്യതകള്‍

കൊണ്ടോട്ടി മണ്ഡലം സിറ്റിങ് എംഎല്‍എ ടിവി ഇബ്രാഹിമിലൂടെ യുഡിഎഫ് നിലനിര്‍ത്തും. 2016ലെ തിരഞ്ഞെടുപ്പില്‍ ടിവി ഇബ്രാഹിം 10654 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് കൊണ്ടോട്ടി. സുലൈമാന്‍ ഹാജി(എല്‍ഡിഎഫ്), ഷീബ ഉണ്ണികൃഷ്ണന്‍(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

ഏറനാട് മണ്ഡലത്തില്‍ പി.കെ.ബഷീര്‍ മൂന്നാംവട്ടവും എംഎല്‍എ ആകും. 2016-ല്‍ ഇവിടെ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.ബഷീര്‍ ആണ് വിജയിച്ചത്. 12,198 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. കെ.ടി. അബ്ദുറഹിമാനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അഡ്വ സി.ദിനേശാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി

നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിവി പ്രകാശിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് നിലമ്പൂര്‍ മണ്ഡലത്തിലെ എക്സിറ്റ് പോള്‍ പ്രവചനം പ്രവചിക്കുന്നില്ല.

സിറ്റിങ് എംഎല്‍എ പിവി അന്‍വര്‍(എല്‍ഡിഎഫ്, വിവി പ്രകാശ്(യുഡിഎഫ്), അഡ്വ.ടികെ അശോക് കുമാര്‍ എന്നിവരാണ് നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ 11504 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് നിലമ്പൂര്‍.

വണ്ടൂര്‍ മണ്ഡലത്തില്‍ എ.പി.അനില്‍ കുമാര്‍ നിലനിര്‍ത്തും. 2016-ല്‍ ഇവിടെ നിന്ന് എ.പി.അനില്‍കുമാര്‍ ആണ് വിജയിച്ചത്. 23,864 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. പി. മിഥുനയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. പി.സി. വിജയനാണ്.

മഞ്ചേരി മണ്ഡലത്തില്‍ ഫലം പ്രവചനാതീതമാണെന്ന് സര്‍വേ പ്രവചിക്കുന്നു. നേരിയ മുന്‍തൂക്കത്തില്‍ യുഎ ലത്തീഫ്(യുഡിഎഫ്), ഡിബോണ നാസര്‍(എല്‍ഡിഎഫ്) എന്നിവരില്‍ ആരെങ്കിലും വിജയിച്ചേക്കാം.

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കെ.പി.എം. മുസ്തഫ വിജയിക്കുമെന്ന് സര്‍വേഫലം. നജീബ് കാന്തപുരമാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി. അഡ്വ.സുചിത്ര മാട്ടടയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. പെരിന്തല്‍മണ്ണയില്‍ നിന്ന് 2016-ല്‍ വിജയിച്ചത് മഞ്ഞളാംകുഴി അലിയാണ്. 579 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

മങ്കട മണ്ഡലം മഞ്ഞളാംകുഴി അലിയിലൂടെ യുഡിഎഫ് നിലനിര്‍ത്തുമെന്ന് സര്‍വേഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 1508 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടിഎ അഹമ്മദ് കബീര്‍ വിജയിച്ച മണ്ഡലമാണ് മങ്കട. ടികെ റഷീദലി(എല്‍ഡിഎഫ്), സജേഷ് ഏലായില്‍ എന്നിവരാണ് ഇക്കുറി ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍.

മലപ്പുറം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.ഉബൈദുളള വീണ്ടും വിജയിക്കും. 2016-ല്‍ മലപ്പുറത്ത് നിന്ന് വിജയിച്ചത് പി. ഉബൈദുളളയാണ്. 35,672 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം വിജയിച്ചത്. പാലോളി അബ്ദുറഹ്‌മാനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി എ. സേതുമാധവനാണ്

വേങ്ങര മണ്ഡലത്തില്‍ പികെ കുഞ്ഞാലിക്കുട്ടി വിജയം ആവര്‍ത്തിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പികെ കുഞ്ഞാലിക്കുട്ടി 38057 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് വേങ്ങര. പി ജിജി(എല്‍ഡിഎഫ്),എം പ്രേമന്‍(എന്‍ഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

വളളിക്കുന്ന് മണ്ഡലത്തില്‍ അട്ടിമറിയെന്ന് സര്‍വേ ഫലം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എപി അബ്ദുള്‍വഹാബ് ഇവിടെ വിജയിക്കും. 2016-ല്‍ ലീഗിന്റെ പി. അബ്ദുള്‍ ഹമീദാണ് ഇവിടെ നിന്ന് വിജയിച്ചത്. അബ്ദുള്‍ ഹമീദ് തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി. പീതാംബരന്‍ പാലാട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥി

തിരൂരങ്ങാടി മണ്ഡലം കെപിഎ മജീദിലൂടെ യുഡിഎഫ് നിലനിര്‍ത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പികെ അബ്ദുറബ്ബ് 6043 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് തിരൂരങ്ങാടി. നിയാസ് പുളിക്കലകത്ത്(എല്‍ഡിഎഫ്), സത്താര്‍ഹാജി കള്ളിയത്ത്(എന്‍ഡിഎ) എന്നിവരാണ് ഇക്കുറി തിരൂരങ്ങാടിയില്‍ നിന്ന് ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍.

താനൂര്‍ മണ്ഡലത്തില്‍ പി.കെ.ഫിറോസ് വിജയിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.അബ്ദുറഹ്‌മാനാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി കെ.നാരായണനാണ് താനൂരില്‍ 2016-ല്‍ വി. അബ്ദുറഹ്‌മാനാണ് ഇവിടെ വിജയിച്ചത്.

തിരൂര്‍ മണ്ഡലത്തില്‍ അട്ടിമറി പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി ലില്ലീസ് ഇവിടെ വിജയിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സി മമ്മൂട്ടി 7062 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് തിരൂര്‍. കുറുക്കോളി മൊയ്തീന്‍(യുഡിഎഫ്), എം അബ്ദുള്‍ സലാം എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

കോട്ടക്കല്‍ മണ്ഡലത്തില്‍ യുഡിഎഫ് നിലനിര്‍ത്തും. ആബിദ് ഹുസൈന്‍ തങ്ങള്‍ ഇവിടെ വിജയിക്കും. 2016-ല്‍ ആബിദ് തന്നെയാണ് ഇവിടെ നിന്ന് വിജയിച്ചത്. 15,042 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. ഇവിടെ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.എ.മുഹമ്മദ്കുട്ടിയാണ്. പിപി ഗണേശനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

തവനൂര്‍ മണ്ഡലം മൂന്നാം വട്ടവും കെടി ജലീലിനൊപ്പം നില്‍ക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില് തവനൂരില്‍ നിന്ന് 17064 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെടി ജലീല്‍ വിജയിച്ചത്. ഇക്കുറി ഫിറോസ് കുന്നംപറമ്പില്‍(യുഡിഎഫ്),രമേശ് കോട്ടയപ്പുറത്ത്(എന്‍ഡിഎ)എന്നിവരാണ് തവനൂരില്‍ നിന്ന് ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍.

പൊന്നാനിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.നന്ദകുമാര്‍ വിജയിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി എ.എം. രോഹിത്താണ്. സുബ്രഹ്‌മണ്യന്‍ ചുങ്കപ്പള്ളിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ പി. ശ്രീരാമകൃഷ്ണന്‍ 15,640 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ് പൊന്നാനി.
Kerala exit poll result 2021 malappuram district
ALSO WATCH

Most Popular