Friday, January 28, 2022
HomeNewsKeralaവിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനാ കൊള്ളയ്‌ക്കെതിരേ പ്രതിഷേധം കനക്കുന്നു

വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനാ കൊള്ളയ്‌ക്കെതിരേ പ്രതിഷേധം കനക്കുന്നു

കൊച്ചി: പ്രവാസികളുടെ നടുവൊടിക്കുന്ന കോവിഡ് പരിശോധനാ കൊള്ളയ്‌ക്കെതിരേ കേരളത്തില്‍ പ്രതിഷേധം കനക്കുന്നു. കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപിഡ് പിസിആറിന് ഈടാക്കുന്ന അമിത നിരക്കിനെതിരേയാണ് ശക്തമായ പ്രതിഷേധമയുരുന്നത്.

ഏറ്റവും കൂടുതല്‍ മലയാളി പ്രവാസികളുള്ള യുഎഇയിലേക്കുള്ള യാത്രക്കു വേണ്ടിയാണ് വിമാനത്താവളത്തില്‍ വച്ച് റാപിഡ് പിസിആര്‍ പരിശോധന നടത്തുന്നത്. ഇതിന് ഒരാളില്‍ നിന്ന് 2,490 രൂപയാണ് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഈടാക്കുന്നത്. ഒരുമാസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാത്രം ഈയിനത്തില്‍ കോടികളാണ് അധികൃതരും പരിശോധന നടത്തുന്ന സ്വകാര്യ ലാബുകളും കീശയിലാക്കുന്നത്.

തൊഴില്‍ തേടിപ്പോകുന്നവരടക്കം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരില്‍ നിന്ന് 2,490 രൂപ ഈടാക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവാസി സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഈ വിഷയത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുന്നില്ലെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

യുഎഇയിലേക്ക് പുറപ്പെടുന്നതിന് ആറ് മണിക്കൂറിനുള്ളിലാണ് റാപിഡ് പിസിആര്‍ എടുക്കേണ്ടത്. യുഎഇ യാത്രക്കാര്‍ പുറപ്പെടുന്ന വിമാനത്താവളങ്ങളില്‍ നിന്ന് റാപിഡ് പിസിആര്‍ ചെയ്യണമെന്നത് യുഎഇ സര്‍ക്കാറിന്റെ നിയമമാണെന്നും അരമണിക്കൂറിനുള്ളില്‍ ഫലം കിട്ടുന്ന സാങ്കേതിക വിദ്യ ആയതിനാലാണ് ഇത്രയധികം ഫീസ് ഈടാക്കുന്നതെന്നുമാണ് വിമാനത്താവളം അധികൃതരുടെ വിശദീകരണം. എന്നാല്‍, നാടിന്റെ നട്ടെല്ലന്ന് എന്ന് വിശേഷിപ്പിക്കുന്ന പ്രവാസികളുടെ പിഴിയുന്നതിന് പകരം സര്‍ക്കാര്‍ എന്ത് കൊണ്ട് ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് മറുചോദ്യം.

എന്നാല്‍, എയര്‍പോര്‍ട്ട് അതോറിറ്റി ചുമതലപ്പെടുത്തിയവരാണ് പരിശോധന നടത്തുന്നതെന്നും തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം. മൂന്ന് ഏജന്‍സികളെയാണ് റാപിഡ് പിസിആറിനായി നിയോഗിച്ചിരിക്കുന്നത്. പുറത്ത് 500 രൂപക്ക് മുതല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്താമെന്നും റാപിഡ് പിസിആറിന്റെ പേരില്‍ വിമാനത്താവളങ്ങളില്‍ അതിന്റെ അഞ്ച് മടങ്ങ് ഈടാക്കുന്നത് നീതികരിക്കാനാകില്ലെന്നും പ്രവാസികള്‍ ഒന്നടങ്കം പറയുന്നു. ലാബുകള്‍ വന്‍ തുക മുടക്കിയാണ് റാപിഡ് പിസിആറിനുള്ള ഉപകരണങ്ങള്‍ സജ്ജമാക്കിയത് എങ്കില്‍ അതിന്റെ എത്രയോ ഇരട്ടി ലാഭം ഒരാഴ്ചയില്‍ നിന്ന് തന്നെ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

ഉദാഹരണത്തിന്, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്ക് ആഴ്ചയില്‍ 128 സര്‍വീസുകളാണുള്ളത്. ഒരു സര്‍വീസില്‍ ശരാശരി 200 യാത്രക്കാര്‍ എന്ന് കണക്കാക്കിയാല്‍ ഒരുമാസം റാപിഡ് പിസിആര്‍ നടത്തുന്ന ഏജന്‍സികള്‍ക്ക് കിട്ടുന്നത് 25.49 കോടി രൂപയാണ്.

നെടുമ്പാശ്ശേരിയിലെ മാത്രം കണക്കാണിതെന്നും കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലെ കണക്ക് കൂടിയെടുത്താല്‍ ഇതിന്റെ ഇരട്ടി വരുമെന്നും പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു. 48 മണിക്കൂര്‍ മുമ്പ് 500 രൂപ മുടക്കി ആര്‍.ടി.പി.സി.ആര്‍ എടുത്തവരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരാണ് വിദേശത്തേക്ക് പോകുന്നത് എന്നത് കണക്കിലെടുത്ത് വിമാനത്താവളത്തില്‍ വന്‍തുക റാപിഡ് പി.സി.ആറിന് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.

ഒന്നുകില്‍ വിമാനത്താവളത്തിലെ പരിശോധന അവസാനിപ്പിക്കാന്‍ യുഎഇ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. അത് അല്ലെങ്കില്‍ സൗജന്യമായ കുറഞ്ഞ നിരക്കിലോ വിമാനത്താവളത്തില്‍ പരിശോധന നടത്താനുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണം-ഇതാണ് പ്രവാസികള്‍ ഉയര്‍ത്തുന്ന ആവശ്യം.
ALSO WATCH

Most Popular