Sunday, July 25, 2021
Home News Kerala ഫാക്ട് ചെക്കിങിന് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കുന്നത് 13 ലക്ഷം രൂപ; നുണയെന്ന് പ്രഖ്യാപിച്ച വാര്‍ത്ത നേരെന്ന്...

ഫാക്ട് ചെക്കിങിന് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കുന്നത് 13 ലക്ഷം രൂപ; നുണയെന്ന് പ്രഖ്യാപിച്ച വാര്‍ത്ത നേരെന്ന് തെളിഞ്ഞപ്പോള്‍ ഡിലീറ്റ് ചെയ്ത് തടിതപ്പി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള ഫാക്ട് ചെക്കിങിനായി ചെലവഴിക്കുന്നത് പതിമൂന്ന് ലക്ഷത്തിലേറെ രൂപ. മൂന്ന് ജീവനക്കാരെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പിആര്‍ഡിയുടെ നേതൃത്വത്തില്‍ ഫാക്ട് ചെക്ക് എന്ന പുതിയ പരിപാടി തുടങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ മാതൃകയിലാണ് ഇത് തുടങ്ങിയത്. വ്യാജവാര്‍ത്ത കണ്ടെത്തി വെബ്‌സൈറ്റിലും ഫേസ്ബുക്കിലും പ്രസിദ്ധീകരിക്കുകയാണ് ചുമതല. കോവിഡ് കാലത്തെ വ്യാജപ്രചാരണത്തിന് തടയിടുകയാണ് ലക്ഷ്യമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പരിശോധിക്കുന്നതിലേറെയും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മാധ്യമ വാര്‍ത്തകളാണ്. 13,04,280 രൂപയാണ് ഇതിന് വേണ്ടി നിയോഗിക്കപ്പെട്ട ഒരു ഗ്രാഫിക് ഡിസൈനര്‍ക്കും രണ്ട് സമൂഹമാധ്യമ എഡിറ്റര്‍മാര്‍ക്കും ഇതിനകം ചെലവായത്.

ലക്ഷങ്ങള്‍ ശമ്പളം വാങ്ങിക്കുന്നവര്‍ വ്യാജവാര്‍ത്തയെന്ന് കണ്ടെത്തിയത് പൊളിഞ്ഞുപോയ ഉദാഹരണങ്ങളും ഈ ചുരുങ്ങിയ ദിവസത്തിനുള്ളിലുണ്ടായി. സര്‍ക്കാര്‍ പ്രസില്‍ നിന്ന് രഹസ്യവിവരങ്ങളടങ്ങിയ ഫയല്‍ നഷ്ടമായെന്ന വാര്‍ത്ത വ്യാജം എന്നായിരുന്നു പിആര്‍ഡിയുടെ കണ്ടെത്തല്‍. മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്തയായിരുന്ന ഇത്. എന്നാല്‍, അച്ചടിവകുപ്പ് ഡയറക്ടര്‍ തന്നെ ഫയല്‍ നഷ്ടമായെന്ന് പൊലീസിന് പരാതി നല്‍കിയതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്തല്‍ പിന്‍വലിച്ച് പിആര്‍ഡിക്ക് തടിതപ്പേണ്ടിവന്നു. മാത്രമല്ല മാധ്യമം ഇതിന്റെ പൂര്‍ണ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ച് സര്‍ക്കാരിനെ കൂടുതല്‍ കുരുക്കിലാക്കുകയും ചെയ്തു.

വാര്‍ത്ത നല്‍കിയ മാധ്യമങ്ങളോട് വിശദീകരണം പോലും ചോദിക്കാതയാണ് വ്യാജം എന്ന് ഫാക്ട് ചെക്ക് സംഘം നിശ്ചയിക്കുന്നത്. ഇത് ഉന്നതരുടെ നിര്‍ദേശപ്രകാരമെന്നാണ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നത്.

Most Popular