തിരുവനന്തപുരം: പ്രവാസികളുടെ വിവരങ്ങള്‍ സംബന്ധിച്ച് ആധികാരിക ഡറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കേരളത്തില്‍നിന്നുള്ള രാജ്യാന്തര കുടിയേറ്റം സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തില്‍ പ്രവാസികളുടെ പങ്ക് വലുതാണ്. എന്നാല്‍, പ്രവാസികളുടെയും മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയവരുടെയും ആധികാരിക വിവരങ്ങള്‍ ഇല്ലാത്തത് സംസ്ഥാനത്തിന്റെയും പ്രവാസികളുടെയും പല ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും തടസമാണ്.
രാജ്യാന്തര മൈഗ്രേഷന്‍ സെന്റര്‍ സിഡിഎസില്‍ ആരംഭിക്കണമെന്ന് ലോക കേരള സഭ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സിഡിഎസിലെ ഗവേഷണ മികവിനുള്ള അംഗീകാരം കൂടിയാണിത്. മുമ്പ് നിരവധി തവണ കുടിയേറ്റം സംബന്ധിച്ച സര്‍വേകള്‍ ചെയ്ത പരിചയവും ഈ സ്ഥാപനത്തിനുണ്ട്.
ഗവേഷണത്തിന്റെ ഭാഗമായി പ്രവാസികളെ സംബന്ധിച്ച് സര്‍ക്കാരിനു ഗുണകരമാകുന്ന വിവരങ്ങള്‍, കുടിയേറ്റ ഗവേഷണം സംബന്ധിച്ച വാര്‍ഷിക പരിശീലനങ്ങള്‍, രാജ്യാന്തര കുടിയേറ്റം സംബന്ധിച്ച സമഗ്ര ഡാറ്റാബേസ്, കേരളവും ലോക സാമ്പത്തിക്രമവും സംബന്ധിച്ച കോണ്‍ഫറന്‍സുകള്‍ എന്നിവ ഉണ്ടാകും. കുടിയേറ്റം സംബന്ധിച്ച ഓണ്‍ലൈന്‍ ഡാറ്റാ ബാങ്കും രൂപീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.