Thursday, June 30, 2022
HomeGulfകോവിഡ് പ്രതിരോധത്തിന് സന്നദ്ധസേനയുമായി കേരളം; പ്രവാസികള്‍ ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിന് സന്നദ്ധസേനയുമായി കേരളം; പ്രവാസികള്‍ ആശങ്കപ്പെടേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ഭീഷണി നേരിടാന്‍ കേരളം എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്നും
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധസേന രംഗത്തിറങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിനു പുറത്തും മറ്റു സംസ്ഥാനങ്ങളിലുമുള്ള മലയാളികള്‍ പലരും കോവിഡ് 19 സംബന്ധിച്ച ആശങ്ക അറിയിക്കുന്നുണ്ട്. അവരാരും നാട്ടിലെ ബന്ധുമിത്രാദികളുടെ കാര്യമോര്‍ത്ത് ആശങ്കപ്പെടുകയോ വിഷമിക്കുകയോ വേണ്ടതില്ല. അവരുടെ എല്ലാ ആവശ്യങ്ങളിലും കൃത്യമായി ഇടപെടാനുള്ള സംവിധാനം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. അതാത് രാജ്യങ്ങളും സംസ്ഥാനങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കോവിഡ് 19നെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും ശ്രമിക്കണം. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മറക്കരുത്. മനസ്സുകൊണ്ട് ഞങ്ങളെല്ലാം നിങ്ങള്‍ക്കൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നില്‍ക്കുന്നിടത്തു തന്നെ തുടരുക എന്നതാണ് പ്രധാനമന്ത്രി മുന്നോട്ടുവച്ച നിബന്ധന. അതുകൊണ്ടുതന്നെ ഇങ്ങോട്ടുവരാന്‍ പ്രയാസമുണ്ട്. പ്രവാസികള്‍ മാത്രമല്ല, സംസ്ഥാനത്തുനിന്ന് ജോലി ആവശ്യത്തിനും പഠനത്തിനും പോയ ആളുകളും ഇങ്ങോട്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അവരൊക്കെ അതിനായി ശ്രമം നടത്തുകയാണ്. എന്നാല്‍, തല്‍ക്കാലം യാത്രാസൗകര്യങ്ങള്‍ക്ക് നിവൃത്തിയില്ലാതെ വന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 22-40 പ്രായമുള്ളവരെ ഉള്‍പ്പെടുത്തി 2,36,000 പേര്‍ അടങ്ങുന്ന സന്നദ്ധസേനയാണ് രൂപീകരിക്കുക. 941 പഞ്ചായത്തുകളില്‍ 200 വീതവും 87 മുനിസിപ്പാലിറ്റികളില്‍ 500 വീതവും 6 കോര്‍പറേഷനുകളില്‍ 750 വീതവും അംഗങ്ങളാണ് സേനയില്‍ ഉണ്ടാവുക. ഇതിലേക്കുള്ള രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി നടത്തും. ‘സന്നദ്ധം’ എന്ന സാമൂഹിക സന്നദ്ധ സേനയുടെ വെബ് പോര്‍ട്ടല്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കല്‍, മറ്റു സംവിധാനങ്ങളില്‍നിന്ന് വിട്ടുപോയവരെ കണ്ടെത്തി ആശുപത്രിയില്‍ എത്തിക്കുന്നതും കൂട്ടിരിക്കുന്നതും അടക്കമുള്ള സഹായങ്ങള്‍ നല്‍കുക, പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന സാധനങ്ങളുടെ വിതരണം തുടങ്ങിയ ചുമതലകളാണ് യുവജന സന്നദ്ധ സേവകര്‍ നിര്‍വഹിക്കുക. ഇവര്‍ക്കു തിരിച്ചറിയാല്‍ കാര്‍ഡുകളും യാത്രാചെലവും നല്‍കും. ഇവരെ സാമൂഹ്യ സന്നദ്ധസേനയുടെ ഭാഗമാക്കി മാറ്റും. ഇതിനുപുറമെ യുവജന കമ്മീഷന്‍ 1465 യുവ വോളന്റിയര്‍മാരെ കണ്ടെത്തി അവരുടെ ലിസ്റ്റ് കൈമാറിയിട്ടുണ്ട്. നേരത്തേ പറഞ്ഞ സന്നദ്ധ യുവജന സേനയോടൊപ്പം സംയോജിതമായ പ്രവര്‍ത്തനമാണ് ഇവരും നടത്തുക. ഇവരെയും ‘സന്നദ്ധം’ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യും. സാധനങ്ങള്‍ വിലകൂട്ടി വില്‍ക്കുന്നത് അനുവദിക്കാനാവില്ല. ന്യായമായ വിലയ്ക്ക് തന്നെ സാധനങ്ങള്‍ കൊടുക്കാനാവണം. ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സഹകരണ പ്രസ്ഥാനം ഇക്കാര്യത്തില്‍ മികച്ച ഇടപെടലാണ് നടത്തുന്നത്. കൊറോണ പ്രതിരോധ രംഗത്തുള്ള ആരോഗ്യപ്രവര്‍ത്തകരുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസി ഇടപെട്ടിട്ടുണ്ട്. അതോടൊപ്പം ഗതാഗത വകുപ്പ് ചില നടപടികളും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ ചികില്‍സയിലുള്ളവരുടെ എണ്ണം 126 ആയി. കേന്ദ്ര ധനകാര്യമന്ത്രി കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചിട്ടതിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു.

Most Popular