Wednesday, May 12, 2021
Home News Kerala തീപാറുന്ന അവസാനഘട്ട തിരഞ്ഞെടുപ്പ് നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തീപാറുന്ന അവസാനഘട്ട തിരഞ്ഞെടുപ്പ് നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: രാഷ്ട്രീയം തിളച്ചു മറിയുന്ന ഉത്തര മലബാറിലെ പോരാട്ടത്തിലേക്ക് എല്ലാ കണ്ണുകളും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് നാളെ ബൂത്തിലേക്കു നീങ്ങുന്നത്. 2015 ല്‍ നാലിടത്തും 77നു മുകളിലായിരുന്നു പോളിങ് ശതമാനം. രണ്ടു ഘട്ടങ്ങളിലെ പോളിങ് ശരാശരി 74.84 ശതമാനം ആണ്. ആദ്യ 10 ജില്ലകളെക്കാള്‍ പ്രശ്‌നബാധിത ബൂത്തുകള്‍ അടങ്ങുന്നതാണു മൂന്നാംഘട്ടം. കണ്ണൂരില്‍ മാത്രം 785 ബൂത്ത് ഈ വിഭാഗത്തിലുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം. കോവിഡ്- ഹരിത പെരുമാറ്റച്ചട്ടങ്ങള്‍ അനുസരിച്ചാണ് വോട്ടെടുപ്പ് നടക്കുക. കോവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ വോട്ടര്‍മാര്‍ വൈകിട്ട് അഞ്ചിനും ആറിനുമിടയില്‍ ബൂത്തുകളിലെത്തണം. ജനറല്‍ വോട്ടര്‍മാരില്‍ വൈകിട്ട് ആറ് വരെ വരിയിലുള്ളവര്‍ വോട്ട് ചെയ്തതിന് ശേഷമാണ് കോവിഡ് വോട്ടര്‍മാരെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുക.

കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകള്‍ നിലവില്‍ എല്‍ഡിഎഫിന് ഒപ്പമാണ്. കാസര്‍കോടും മലപ്പുറവും യുഡിഎഫ് ഭരിക്കുന്നു. കോര്‍പറേഷനുകളില്‍ കോഴിക്കോട് നിലനിര്‍ത്തുക എല്‍ഡിഎഫിനും കണ്ണൂര്‍ യുഡിഎഫിനും വെല്ലുവിളിയാണ്.

കോഴിക്കോട്

ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും ‘ഈസി വാക്കോവര്‍’ എന്ന എല്‍ഡിഎഫ് പ്രതീക്ഷ പൊളിക്കാന്‍ യുഡിഎഫിനു സാധിച്ചു. ഒപ്പത്തിനൊപ്പം മത്സരം അവര്‍ കാഴ്ചവയ്ക്കുന്നു. ജില്ലാ പഞ്ചായത്തിലെ 6 ഡിവിഷനുകളില്‍ നടക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടമാകും വിധി നിര്‍ണയിക്കുക. എല്‍ജെഡി തിരിച്ചെത്തിയത് എല്‍ഡിഎഫിനു ഗുണം ചെയ്തപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി, ആര്‍എംപി പിന്തുണ യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്തി.

മലപ്പുറം

മുസ്ലിം ലീഗിന്റെ ആധിപത്യ ജില്ലയില്‍ യുഡിഎഫ് മുന്നേറ്റം തന്നെ പ്രതീക്ഷ. 2010 ല്‍ 302, 2015 ല്‍ 275 എന്ന സീറ്റ് നില ജില്ലാ പഞ്ചായത്തില്‍ മെച്ചപ്പെടുത്താനുള്ള ശ്രമമാണ് എല്‍ഡിഎഫിന്റേത്. 2015 ല്‍ പലയിടത്തും ലീഗിനെ കുഴപ്പിച്ച സാമ്പാര്‍ മുന്നണി ഇത്തവണ ഇല്ലാത്തതിനാല്‍ യുഡിഎഫ് കൂടുതല്‍ ആത്മവിശ്വാസത്തില്‍.

കണ്ണൂര്‍

ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫും കോര്‍പറേഷനില്‍ യുഡിഎഫും പ്രതീക്ഷ വച്ചു പുലര്‍ത്തുന്നു. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തും 2015 ല്‍ നേടിയ എല്‍ഡിഎഫിന്റെ ആധിപത്യത്തെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ ക്ഷീണിപ്പിക്കുക യുഡിഎഫിന് എളുപ്പമല്ല. ജില്ലയില്‍ 31 തദ്ദേശ അംഗങ്ങള്‍ മാത്രമുള്ള എന്‍ഡിഎ സ്ഥിതി മെച്ചപ്പെടുത്തുമെന്നു കരുതുന്നു.

കാസര്‍കോട്

യുഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തില്‍ ശക്തമായ മത്സരം ഇടതുമുന്നണി കാഴ്ചവയ്ക്കുന്നു. നഗരസഭകളില്‍ കാസര്‍കോട് നിലനിര്‍ത്താനും കാഞ്ഞങ്ങാട് നേടാനും കഴിയുമെന്നു യുഡിഎഫ് കരുതുമ്പോള്‍ കാഞ്ഞങ്ങാടും നീലേശ്വരവും കൂടെ നില്‍ക്കുമെന്ന വിശ്വാസത്തില്‍ ഇടതുമുന്നണി. സംസ്ഥാനത്തു തന്നെ പ്രചാരണ വിഷയമായ എം.സി കമറുദ്ദീന്റെ അറസ്റ്റും പെരിയ കേസും സ്വന്തം ജില്ലയില്‍ എത്ര കണ്ട് ഏശുമെന്ന് ഉറപ്പില്ല. ബിജെപിയും മല്‍സര രംഗത്ത് സജീവമാണ്.

ഫലം അപ്പപ്പോള്‍ അറിയാം

വോട്ടെണ്ണലിന്റെ പുരോഗതി വേഗത്തില്‍ അറിയിക്കാന്‍ സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യം. 3 മുതല്‍ 5 വരെ സാങ്കേതിക വിദഗ്ധരാണ് ഓരോ വോട്ടെണ്ണല്‍ മുറിയിലും ഉണ്ടാവുക. വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ ട്രെന്‍ഡ് എന്ന സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്തും.

Most Popular