Wednesday, June 23, 2021
Home News Kerala പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി മുരളീധരന്‍

പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി മുരളീധരന്‍

തിരുവനന്തപുരം: കൈകാര്യം ചെയ്യാന്‍ പ്രയാസമായതിനാല്‍, സംസ്ഥാനത്തേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം പ്രവാസികള്‍ എത്തുന്നത് കുറയ്ക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് വ്യക്തമാക്കിയാല്‍ കൂടുതല്‍ ഗള്‍ഫില്‍ നിന്നു കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും മുരളീധരന്‍ അറിയിച്ചു.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ വരുന്ന ആളുകളെ പരിശോധിക്കാനുള്ള ശേഷിയുടെ പരമാവധിയാണ് ഇപ്പോഴുള്ളത്. ഇതില്‍ നിന്ന് വലിയ തോതിലേക്ക് വര്‍ധിപ്പിക്കാനുള്ള സാഹചര്യം ഇല്ല. അതുകൊണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഗള്‍ഫില്‍ ഇതിനകം 160ല്‍ കൂടുതല്‍ മലയാളികള്‍ മരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ പ്രവാസികളെ തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകത സംസ്ഥാന സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. തിരികെ വരാന്‍ ആഗ്രഹിക്കുന്നനവരെ എത്രയും വേഗം നാട്ടിലെത്തിക്കുക എന്നതാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വം എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യത്തില്‍ പുതിയ നിര്‍ദ്ദേശങ്ങളും കേരളം കേന്ദ്രത്തിന്റെ മുന്നില്‍വെച്ചു. കേരളം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ കൂടി പാലിക്കുന്ന വിമാനങ്ങളെ മാത്രമെ അനുവദിക്കുവെന്നാണ് കേരളത്തിന്റെ നിലപാട്. സംസ്ഥാനത്തിന്റെ കഴിവിനനുസരിച്ചേ വിമാനം ഏര്‍പ്പെടുത്താനാകൂ. കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്രം തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനം അനുകൂലമായി പ്രതികരിച്ചാല്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

എത്ര പ്രവാസികള്‍ വന്നാലും സ്വീകരിക്കാന്‍ സജ്ജമാണ് എന്നാണ് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നത്. രണ്ടര ലക്ഷം പേര്‍ക്ക് ക്വാറന്റീന്‍ ഒരുക്കിയിട്ടുണ്ടെന്നും കേരളം അവകാശപ്പെട്ടിരുന്നു. മുന്‍കൂട്ടി അറിയിച്ചാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വരുന്നതില്‍ കേരലത്തിന് എതിര്‍പ്പില്ല എന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഈ നിലപാടില്‍ നിന്ന് കേരളം പിന്നോട്ട് പോയതായാണ് വി മുരളീധരന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.

അതേസമം, ഗള്‍ഫില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 173 ആയി ഉയര്‍ന്നു. യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ മലയാളികള്‍ മരിച്ചത്. യുഎഇയില്‍ 93ഉം സൗദിയില്‍ 42 ഉം കുവൈത്തില്‍ 32ഉം ഒമാനില്‍ 3ഉം ഖത്തറില്‍ 2ഉം മലയാളികളാണ് ഇത് വരെ മരിച്ചത്. ബഹ്റൈനില്‍ ഒരു മലയാളി കോവിഡ് ബാധിച്ച് മരിച്ചു. ഗള്‍ഫില്‍ മലയാളികള്‍ക്കിടയില്‍ കോവിഡ് മരണ നിരക്ക് കൂടുന്നത് പ്രവാസികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

kerala-needs-to-reduce-influx-of-expatriates-kerala


 

Most Popular