Saturday, September 25, 2021
Home News Kerala പ്രവാസികള്‍ വരുന്ന ഒരു വിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെട്ടത് പ്രവാസികള്‍ക്കു വേണ്ടി

പ്രവാസികള്‍ വരുന്ന ഒരു വിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെട്ടത് പ്രവാസികള്‍ക്കു വേണ്ടി

തിരുവനന്തപുരം: പ്രവാസികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് പ്രസ്താവന നുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിമാനങ്ങള്‍ വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു നിയന്ത്രണവും വച്ചിട്ടില്ല. ഒരു വിമാനത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തയ്യാറാണ്. എന്നാല്‍, യാത്രക്കാരില്‍ നിന്ന് പണം ഈടാക്കുമ്പോള്‍ സര്‍ക്കാര്‍ നിബന്ധനകള്‍ ബാധകമായിരിക്കും. ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ വന്ദേഭാരത് നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും മുന്‍ഗണനാ വിഭാഗത്തെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് പ്രവാസികളുടെ താല്‍പര്യം പരിഗണിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്

‘വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി വിമാനം വരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു നിബന്ധനയും വച്ചിട്ടില്ല. ഒരു വിമാനവും വേണ്ടെന്ന് പറഞ്ഞിട്ടുമില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനത്തിനും അനുമതി നല്‍കി. വന്ദേ ഭാരത്തിന്റെ രണ്ടാം ഘട്ടത്തില്‍ ജൂണ്‍ മാസത്തില്‍ ഒരു ദിവസം 12 വിമാനമാണ് വരികയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. അത് സംസ്ഥാനം അംഗീകരിച്ചു. ഇതു പ്രകാരം ജൂണില്‍ 360 വിമാനങ്ങളാണ് വരേണ്ടത്. ജൂണ്‍ മൂന്ന് മുതല്‍ 10 വരെ 36 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തത്. 324 വിമാനങ്ങള്‍ ജൂണ്‍ മാസത്തിലേക്ക് ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട്’.

‘കേന്ദ്രം ഉദ്ദേശിച്ച രീതിയില്‍ വിമാനങ്ങള്‍ സജ്ജമാക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അതില്‍ കുറ്റപ്പെടുത്താനാവില്ല. വലിയൊരു ദൗത്യമായതിനാല്‍ ഒന്നിച്ച് ഒരുപാട് വിമാനമയച്ച് ആളുകളെ കൊണ്ടുവരുന്നത് പ്രയാസമാണ്. കേരളം അനുമതി നല്‍കിയതില്‍ ബാക്കിയുള്ള 324 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്താല്‍ അനുമതി നല്‍കും. വന്ദേ ഭാരത് മിഷനില്‍ ഇനി എത്ര വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ചോദിച്ചു. വിവരം ലഭിച്ചാല്‍ അനുമതി നല്‍കും. 40 ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. 26 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇനിയും ഷെഡ്യൂള്‍ ചെയ്യാനുണ്ട്. അത് പൂര്‍ത്തിയായാല്‍ ഇനിയും അനുമതി നല്‍കും. ഒരു വിമാനത്തിനോടും സംസ്ഥാനം നോ പറഞ്ഞിട്ടില്ല’.

‘ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് രണ്ട് നിബന്ധനകള്‍ മാത്രം’

‘വിദേശത്ത് കുടുങ്ങിയവരെ തിരികെ കൊണ്ടുവരാന്‍ തൊഴിലുടമകളോ സംഘടനകളോ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത് സംസ്ഥാനം എതിര്‍ത്തിട്ടില്ല. യാത്രക്കാരില്‍ നിന്ന് പണം ഈടാക്കി കൊണ്ടുവരുമ്പോള്‍ വിമാന നിരക്ക് വന്ദേ ഭാരത് വിമാനത്തിന് തുല്യമാകണം എന്നും സീറ്റ് നല്‍കുമ്പോള്‍ മുന്‍ഗണനാ വിഭാഗത്തെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മറ്റു വ്യവസ്ഥകളൊന്നുമില്ല. ഈ രണ്ട് നിബന്ധനകളും പ്രവാസികളുടെ താല്‍പ്പര്യം പരിഗണിച്ചാണ്. സ്വകാര്യ വിമാനക്കമ്പനികള്‍ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ അനുവാദം ചോദിച്ചു. അതിനും അനുവാദം നല്‍കും. സ്‌പൈസ് ജെറ്റിന്റെ 300 വിമാനങ്ങള്‍ക്ക് കേരളത്തിലേക്ക് അനുമതി നല്‍കി. ഒരു ദിവസം 10 എന്ന കണക്കില്‍ ഒരു മാസം കൊണ്ട് ഇത്രയും വിമാനം വരും. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാകുന്നവരെ കൊണ്ടുവരുമെന്നാണ് സ്‌പൈസ് ജെറ്റിന്റെ നിബന്ധന. അബൂദബിയിലെ ഒരു സംഘടന 40 ചാര്‍ട്ടേഡ് വിമാനത്തിന് അനുവാദം ചോദിച്ചു, അതും നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

kerala-not-reject-any-flight-permission-says-chief-minister-pinarayi-vijayan


 

Most Popular