Tuesday, May 18, 2021
Home News Kerala വിവാദമായ പോലിസ് നിയമഭേദഗതി പിന്‍വലിച്ചു; തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം

വിവാദമായ പോലിസ് നിയമഭേദഗതി പിന്‍വലിച്ചു; തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം

തിരുവന്തപുരം: വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് പോലിസ് നിയമഭേദഗതി പിന്‍വലിച്ചു. വിവാദഭേദഗതി പിന്‍വലിക്കാനുള്ള ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളും പൊതുസമൂഹവും ഉയര്‍ത്തിയ പ്രതിഷേധം പരിഗണിച്ചാണ് തീരുമാനം.

പോലിസ് നിയമഭേദഗതിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം പിബി അംഗം എം എ ബേബി അടക്കം ഇന്നും രംഗത്തെത്തിയിരുന്നു. വിമര്‍ശനമുണ്ടാകും വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പിന്‍വലിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ചചെയ്താണെന്നും ബേബി പറഞ്ഞു. പോലിസ് നിയമ ഭേദഗതി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

നിലവിലെ ഭേദഗതി തല്‍ക്കാലം നടപ്പാക്കില്ല. അതനുസരിച്ച് കേസും റജിസ്റ്റര്‍ ചെയ്യില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും സമര്‍പ്പിച്ച ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ഹരജികള്‍ നാളെ വീണ്ടും പഗരിഗണിക്കും.

പോലിസ് നിയമഭേദഗതിയെ അപലപിച്ച് രാജ്യാന്തര മാധ്യമപ്രവര്‍ത്തക സംഘടനയായ ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് രംഗത്തെത്തി. കേരളത്തിന് മാത്രമല്ല ഇന്ത്യയ്ക്കാകെ ഭീഷണിയാകുന്ന നിയമ നിര്‍മാണമാണ് ഇതെന്ന് രാജ്യാന്തരതലത്തിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘടന വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങളെ കൈപ്പിടിയിലൊതുക്കാനുള്ള ഈ നീക്കം ഇടതുമുന്നണി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് സര്‍ക്കാര്‍ വലിയ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സമയത്താണെന്നും ഐപിഐ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഇടതുപക്ഷ ബുദ്ധജീവികള്‍ അടക്കം നിയമത്തിനെതിരേ രംഗത്തെത്തിയതോടെയാണ് പിണറായി സര്‍ക്കാരിന് ഭേദഗതിയില്‍ നിന്ന് പിന്മാറേണ്ടി വന്നത്.

Most Popular