തിരുവനന്തപുരം: ലോക് ഡൗണിനിടെ അനാവശ്യമായി കറങ്ങുന്നവരെ കുടുക്കാന്‍ പൊലീസ് മൊബൈല്‍ ആപ്‌ളിക്കേഷന്‍ രംഗത്തിറക്കി. എത്ര തവണ, എന്തെല്ലാം ആവശ്യങ്ങള്‍ പറഞ്ഞ് യാത്ര ചെയ്തിട്ടുണ്ടെന്ന് വാഹന നമ്പര്‍ നോക്കി ഒറ്റ നിമിഷം കൊണ്ട് കണ്ടെത്തുന്നതാണ് ആപ്പ്. തിരുവനന്തപുരം സിറ്റി പൊലീസ് നടപ്പാക്കിയ ആപ്‌ളിക്കേഷന്‍ സംസ്ഥാന വ്യാപകമാക്കാനാണ് ആലോചന.
ഇനി തടഞ്ഞ് നിര്‍ത്തി ചീത്തവിളിക്കലോ ഏത്തമിടീക്കലോ ഒന്നുമില്ല. ലോക് ഡൗണിനിടെ ഇറങ്ങുന്ന വാഹനത്തിന്റെ നമ്പര്‍ എഴുതിയെടുക്കും, എവിടെ പോകുന്നൂവെന്ന് ചോദിക്കും. തര്‍ക്കമൊന്നും കൂടാതെ കടത്തി വിടും.
കള്ളം പറഞ്ഞാണ് മുങ്ങുന്നതെങ്കില്‍ ഇനിയാണ് പണികിട്ടുക. എഴുതിയെടുക്കുന്ന വാഹന നമ്പര്‍ റോഡ് വിജില്‍ എന്ന ആപ്‌ളിക്കേഷനിലേക്കാണ് അപ്ലോഡ് ചെയ്യുക. യാത്രയുടെ ഉദേശവും രേഖപ്പെടുത്തം. ഇതുകഴിഞ്ഞ് ഇനി ഏത് പരിശോധന കേന്ദ്രത്തിലെത്തിയാലും വണ്ടി നമ്പര്‍ എഴുതുമ്പോള്‍ തന്നെ എത്ര തവണ യാത്ര ചെയ്തു, നേരത്തെ പറഞ്ഞ ആവശ്യങ്ങളെന്ത്, അവിടേക്കാണോ പോകുന്നത് തുടങ്ങിയവ കണ്ടെത്താനാവും. പറഞ്ഞത് കള്ളമാണന്ന് കണ്ടാല്‍ ഉടനടി കേസും അറസ്റ്റും പതിനായിരം രൂപ പിഴയും.
വര്‍ക്കല പൊലീസാണ് ഈ ആപ്‌ളിക്കേഷന്‍ തയ്യാറാക്കിയത്. കമ്മീഷ്ണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ഇത് ഏറ്റെടുത്ത് തലസ്ഥാനത്ത് നടപ്പാക്കുകയായിരുന്നു. ഇതോടെ റോഡിലിറങ്ങുന്നവരെ അനാവശ്യമായി ഉപദ്രവിക്കുന്നു എന്ന പഴി കേള്‍ക്കാതെ പോലിസിന് രക്ഷപ്പെടാം.
Kerala police invent lockdown app