Monday, October 25, 2021
HomeNewsKeralaകേരളത്തില്‍ അടുത്ത മാസത്തോടെ സ്‌കൂളുകള്‍ തുറന്നേക്കും; ഒരുക്കങ്ങള്‍ തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി

കേരളത്തില്‍ അടുത്ത മാസത്തോടെ സ്‌കൂളുകള്‍ തുറന്നേക്കും; ഒരുക്കങ്ങള്‍ തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ-തദ്ദേശ-ആരോഗ്യ വകുപ്പുകള്‍ ചേര്‍ന്നുള്ള സമിതിയാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.

വിദഗ്ധര്‍ ഇതിനായി പഠനങ്ങള്‍ നടത്തുകയും പ്രൊജക്ടുകള്‍ തയ്യാറാക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സ്‌കൂളുകള്‍ എത്രയും പെട്ടെന്ന് തുറക്കാനുള്ള നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. 45 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് സ്‌കൂളുകളില്‍ എത്തേണ്ടത്. പ്രഖ്യാപനം വന്ന് കഴിഞ്ഞാല്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ക്ലാസുകള്‍ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് പുരോഗമിക്കുന്നത്.

കോളജുകളില്‍ നിന്ന് വ്യത്യസ്ഥമായി ഒരു ക്ലാസില്‍ 60ഓളം കുട്ടികള്‍ പല സ്‌കൂളുകളിലും ഉണ്ട്. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ച്‌കൊണ്ട് അവര്‍ക്കുള്ള സൗകര്യം എങ്ങിനെ ക്രമീകരിക്കാമെന്ന് പഠനം നടത്തിവരികയാണ്. ഈ പഠന റിപോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച ശേഷമാണ് സ്‌കൂള്‍ തുറക്കുന്ന തിയ്യതി മുഖ്യമന്ത്രി പ്രഖ്യാപിക്കുക. അടുത്ത മാസത്തോട് കൂടി സ്‌കൂളുകള്‍ തുറക്കാന്‍ കഴിയുമെന്ന് ഇന്നലെ മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം സ്‌കൂളുകള്‍ തുറന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായി കോവിഡ് റിപോര്‍ട്ട് ചെയ്തിരുന്നു. ആ സാഹചര്യത്തില്‍ കണിശമായ മുന്‍കരുതലുകളോട് കൂടിയായിരിക്കും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുക. ഇടവിട്ടുള്ള ദിവസം കുട്ടികള്‍ മാറി മാറി സ്‌കൂളില്‍ എത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളത്.

 

Most Popular