Sunday, November 28, 2021
HomeNewsKeralaസ്‌കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ടി വരിക കര്‍ശന നിബന്ധനകള്‍; ക്ലാസുകള്‍ ഇടവിട്ടുള്ള ദിവസങ്ങളില്‍

സ്‌കൂള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ടി വരിക കര്‍ശന നിബന്ധനകള്‍; ക്ലാസുകള്‍ ഇടവിട്ടുള്ള ദിവസങ്ങളില്‍

തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ സ്‌കൂള്‍ തുറക്കാനുള്ള തീരുമാനത്തിന് പിന്നാലെ വിശദമായ മാര്‍ഗരേഖ പുറത്തിറക്കാനൊരുങ്ങി വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍. രണ്ട് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഒരു ക്ലാസില് 50 ശതമാനം കുട്ടികള്‍ എന്ന രീതിയില്‍ ഇടവിട്ടുള്ള ദിവസങ്ങളില്‍ കുട്ടികള്‍ ക്ലാസിലെത്തുന്ന രീതിയിലാവും സജ്ജീകരണമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ജനുവരിയില്‍ പൊതുപരീക്ഷയുടെ മുന്നോടിയായി പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികളെ സ്‌കൂളുകളിലെത്തിച്ച് മൂന്ന് മാസത്തിലേറെ റിവിഷന്‍ ക്ലാസുകള്‍ നടത്തിയിരുന്നു. എന്നാല്‍, പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്കിടയില്‍ കോവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും ഉറപ്പുവരുത്തുന്നത് ശ്രമകരമായ ജോലിയായിരിക്കും. അതിനാല്‍ കര്‍ശനമായ മാര്‍ഗരേഖയായിരിക്കും നവംബര്‍ 1 മുതല്‍ പ്രൈമറി ക്ലാസുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ തയാറാക്കുക.

പ്രൈമറി ക്ലാസുകളിലും കുട്ടികളെ ബാച്ചുകളായി തിരിച്ച് സ്‌കൂളുകളിലെത്തിക്കാന്‍ തന്നെയാണ് ആലോചന. ഒക്ടോബര്‍ നാല് മുതല്‍ കോളജുകളില്‍ അവസാന വര്‍ഷ ഡിഗ്രി ക്ലാസുകള്‍ 50 ശതമാനം കുട്ടികളുള്ള ബാച്ചുകളാക്കി ഒന്നിടവിട്ട ദിവസങ്ങളില്‍ അധ്യയനം നടത്താന്‍ നേരത്തേ തീരുമാനിച്ചിട്ടുണ്ട്. ഇതെ രീതിയായിരിക്കും ആദ്യഘട്ടത്തില്‍ സ്‌കൂളുകള്‍ തുറക്കുമ്പോഴും പിന്തുടരുക.

കുട്ടികളുടെ യാത്രാക്രമീകരണം ഉള്‍പ്പെടെ കാര്യങ്ങളില്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ യോഗത്തിന് ശേഷം മാര്‍ഗരേഖ തയാറാക്കാനാണ് തീരുമാനം. ഒക്‌ടോബര്‍ നാല് മുതല്‍ കോളജുകള്‍ തുറന്ന ശേഷമുള്ള സാഹചര്യം സൂക്ഷ്മമായി വിലയിരുത്തും. ഇതിന് ശേഷമായിരിക്കും സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്ക് അന്തിമ രൂപം നല്‍കുക.

 

Most Popular