Sunday, November 28, 2021
HomeNewsKeralaആദ്യത്തെ രണ്ടാഴ്ച്ച ക്ലാസുകള്‍ ഉച്ചവരെ, ശനിയാഴ്ച്ചയും ക്ലാസ്; സ്‌കൂള്‍ തുറക്കുമ്പോഴുള്ള നിബന്ധനകള്‍ ഇങ്ങിനെ

ആദ്യത്തെ രണ്ടാഴ്ച്ച ക്ലാസുകള്‍ ഉച്ചവരെ, ശനിയാഴ്ച്ചയും ക്ലാസ്; സ്‌കൂള്‍ തുറക്കുമ്പോഴുള്ള നിബന്ധനകള്‍ ഇങ്ങിനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള(Kerala School reopening) മാര്‍ഗരേഖയ്ക്കു(guidelines) സര്‍ക്കാര്‍ അംഗീകാരം നല്‍കി. രക്ഷിതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയച്ചാല്‍ മതി. ആദ്യത്തെ രണ്ടാഴ്ചത്തെ ഉച്ചവരെ മാത്രമേ ക്ലാസുണ്ടാവൂ. ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. ഉച്ചഭക്ഷണം സ്‌കൂളിന്റെ സാഹചര്യം അനുസരിച്ച് നല്‍കും.

സ്‌കൂള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസ് തുടരും. ഇതിനായി പ്രത്യേക ടൈംടേബിള്‍ തയാറാക്കും. പരമാവധി 3 കുട്ടികളില്‍ കൂടുതല്‍ ഓട്ടോറിക്ഷകളില്‍ അനുവദിക്കില്ല. എല്ലാ വിദ്യാര്‍ഥികള്‍ക്കും സാനിറ്റൈസര്‍, മാസ്‌ക് ഉറപ്പാക്കും. കുട്ടികളുടെ ശരീര ഊഷ്മാവ് പരിശോധിക്കും.

ഡോക്ടറുടെ സേവനം സ്‌കൂളുകളില്‍ ഉറപ്പാക്കും. രക്ഷിതാക്കളും കുട്ടികളും അല്ലാതെ ആരെയും സ്‌കൂളില്‍ പ്രവേശിപ്പിക്കില്ല. ഒരു ക്ലാസിലെ കുട്ടികളെ ഗ്രൂപ്പായി തിരിക്കും. ഒരു ബെഞ്ചില്‍ രണ്ടുപേര്‍. യൂണിഫോം, അസംബ്ലി ആദ്യത്തെ രണ്ടാഴ്ച നിര്‍ബന്ധമാക്കില്ല.

സ്‌കൂളില്‍ കുട്ടികള്‍ കൂട്ടംകൂടുന്നില്ലെന്ന് ഉറപ്പാക്കാന്‍ അധ്യാപകരെ നിയോഗിക്കണം. അടുത്ത അധ്യയനദിവസം മുതല്‍ അധ്യാപകര്‍ സ്‌കൂളിലെത്തണമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളുകള്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തണം. സാധിക്കാത്തവര്‍ക്ക് കെഎസ്ആര്‍ടിസി സഹായം നല്‍കും. പരസ്പരസമ്പര്‍ക്കം ഒഴിവാക്കാന്‍ ക്ലാസുകളില്‍ ‘ബയോ ബബിള്‍’ രീതി ഉറപ്പാക്കും. അധ്യാപകരെയും ബയോ ബബിളിന്റെ ഭാഗമാക്കാനാണു തീരുമാനം.

സ്‌കൂള്‍ വൃത്തിയാക്കുന്നത് ഏറ്റവും പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ജനപങ്കാളിത്തത്തോടെ സ്‌കൂളുകള്‍ വൃത്തിയാക്കും. പ്രിന്‍സിപ്പല്‍ കണ്‍വീനറായി തദ്ദേശ സ്ഥാപന അധികൃതര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കും. സ്‌കൂള്‍ പിടിഎ, ക്ലാസ് പിടിഎ ചേരും. അധ്യാപകര്‍ വിദ്യാര്‍ഥികളുമായി നേരിട്ടു സംസാരിക്കും.

സ്‌കൂള്‍ ബസിന്റെ അറ്റകുറ്റപ്പണികള്‍ ജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കും. ബോണ്ട് അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. അണ്‍ എയ്ഡഡ് സ്‌കൂളുകളാണ് ബോണ്ട് സര്‍വീസിനെ കൂടുതല്‍ ആശ്രയിക്കുന്നത്. ബസ് കണ്‍സഷന്‍ തുടരും. പ്രൈവറ്റ് ബസ് യൂണിയനുകളുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
ALSO WATCH

Most Popular