കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 12 കോടിയുടെ തിരുവോണം ബംപര്‍ എറണാകുളത്തു ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി അനന്തു വിജയന് (24). അയ്യപ്പന് കാവിലെ വിഘ്നേശ്വര ലോട്ടറി ഏജന്‍സീസ് വഴി വിറ്റഴിച്ച ടിബി 173964 നമ്പര്‍ ടിക്കറ്റിനാണു ഭാഗ്യം തേടിയെത്തിയത്. 12 കോടി രൂപയില്‍ 10 ശതമാനം ഏജന്‍സി കമ്മീഷനും 30 ശതമാനം ആദായ നികുതിയും കഴിച്ച് 7.56 കോടി രൂപയാണ് അനന്തുവിനു ലഭിക്കുക.
പരിചയമുള്ള ഒരു ബാങ്ക് ഉദ്യോഗസ്ഥ വഴി ടിക്കറ്റ് ബാങ്കില്‍ ഏല്പിച്ചതായി അനന്തു പറഞ്ഞു. ഇതുവരെ അടിച്ച ഏറ്റവും വലിയ സമ്മാനം 5000 രൂപയായിരുന്നു. എറണാകുളം എളംകുളത്തെ ക്ഷേത്രത്തിലാണ് അനന്തുവിനു ജോലി. കണ്ണൂര്‍ പെരളശേരിക്കാരനായ എന്‍ അജേഷ് കുമാറാണ് വിഘ്നേശ്വര ഏജന്‍സീസ് ഉടമ.
ലോട്ടറി വില്പനയ്ക്കിറങ്ങി കാല് നൂറ്റാണ്ടിനിടെ പലപ്പോഴും ഒരു കോടിയും 70 ലക്ഷവുമെല്ലാം അടിച്ചിട്ടുണ്ടെങ്കിലും ബംപര്‍ നേട്ടം ആദ്യം. വാവോട് കണ്ണോത്ത് കുഞ്ഞപ്പനായരുടെ മകനായ അജേഷ് 25 വര്‍ഷം മുന്‍പാണു കൊച്ചിയിലെത്തിയത്. വിഘ്നേശ്വര ഏജന്‍സി തുറന്നിട്ട് 15 വര്‍ഷം. കടവന്ത്ര കെ പി വള്ളോന്‍ റോഡില്‍ തട്ടില്‍ ലോട്ടറി നിരത്തി വില്പന നടത്തുന്ന തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശി അഴകച്ചാമി അജേഷില്‍ നിന്നു വാങ്ങിക്കൊണ്ടുപോയ 10 ടിക്കറ്റുകളില്‍ ഒന്നിനാണു 12 കോടി രൂപ അടിച്ചത്.