Wednesday, November 30, 2022
HomeNewsKeralaന്യൂനമര്‍ദ്ദം ശക്തമാവുന്നു; കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ന്യൂനമര്‍ദ്ദം ശക്തമാവുന്നു; കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ (bengal sea) രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ (depression) തുടര്‍ന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഏറ്റവും പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് (orange alert) പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നിലവില്‍ ശ്രീലങ്കക്ക് മുകളിലും തമിഴ്‌നാട് തീരത്തിനും സമീപമായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 3-4 ദിവസത്തേക്ക് കൂടി പടിഞ്ഞാറു ദിശയിലുള്ള ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരം തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ന്യൂനമര്‍ദ്ദ സ്വാധീനഫലമായി കേരളത്തില്‍ ഇടി മിന്നലോടു കൂടിയ മഴ നവംബര്‍ 3 വരെ തുടരാന്‍ സാധ്യതയുണ്ട്. നവംബര്‍ 3 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇന്നും നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ നാളെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളില്‍ മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബര്‍ രണ്ട് ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും.
ALSO WATCH

Most Popular