Monday, June 27, 2022
HomeNewsKeralaകേരളത്തില്‍ മൂന്നുപേര്‍ക്ക് കൂടി സിക്ക; പരിശോധനയ്ക്ക് സജ്ജമെന്ന് മന്ത്രി

കേരളത്തില്‍ മൂന്നുപേര്‍ക്ക് കൂടി സിക്ക; പരിശോധനയ്ക്ക് സജ്ജമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് വൈറസ് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്. 46 വയസുള്ള പുരുഷനും രണ്ടു വയസ്സ് പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 18 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

2100 പരിശോധനാ കിറ്റുകളെത്തി
സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍ഐവി യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക വൈറസ് പരിശോധന നടത്തുന്നത്. എന്‍ഐവി പുണെയില്‍ നിന്നും ഈ ലാബുകളിലേക്ക് സിക്ക വൈറസ് പരിശോധന നടത്താന്‍ കഴിയുന്ന 2100 പിസിആര്‍ കിറ്റുകള്‍ ലഭിച്ചിട്ടുണ്ട്.

ആര്‍ടിപിസിആര്‍ പരിശോധന വഴിയാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. രക്തം, മൂത്രം എന്നീ സാമ്പിളുകളിലൂടെയാണ് സിക്ക വൈറസ് പരിശോധന നടത്തുന്നത്. പനി, ചുവന്ന പാടുകള്‍, ശരീരവേദന എന്നീ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളെ പ്രത്യേകിച്ചും ഗര്‍ഭിണികളെ സിക്ക വൈറസ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
ALSO WATCH

 

Most Popular