Saturday, October 23, 2021
HomeNewsKeralaചൈനാ കടലില്‍ നിന്ന് ന്യൂനമര്‍ദ്ദം വരുന്നു; കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

ചൈനാ കടലില്‍ നിന്ന് ന്യൂനമര്‍ദ്ദം വരുന്നു; കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

പത്തംതിട്ട: ആഗസ്തില്‍ സംസ്ഥാനത്ത് ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം. ആഗസ്തിലും സപ്തംബറിലും ദീര്‍ഘകാല ശരാശരിയുടെ 104% വരെ മഴ ലഭിക്കാമെന്നാണു നിഗമനം. ഇത് 8% ഏറുകയോ കുറയുകയോ ചെയ്യാം. ഈ സാഹചര്യത്തില്‍ മണ്‍സൂണിലെ തയാറെടുപ്പുകള്‍ കാര്യക്ഷമമാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പൊതുജനങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും നിര്‍ദേശിച്ചു.

ചൈന കടലില്‍നിന്നാണ് ന്യൂനമര്‍ദം ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുക. അറബിക്കടലില്‍ നിന്നുള്ള കാറ്റ് മധ്യവടക്കന്‍ കേരളത്തിനു മുകളിലൂടെയാവും വടക്കോട്ടു പോവുക. ഇതിനിടെ പശ്ചിമഘട്ടത്തില്‍ തട്ടി നില്‍ക്കുന്ന മേഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമഴയ്ക്കു കളമൊരുക്കും. മുന്‍ വര്‍ഷങ്ങളിലും ന്യൂനമര്‍ദം കരയ്ക്കു കയറിയപ്പോഴെല്ലാം കേരളത്തില്‍ ചില സ്ഥലങ്ങളില്‍ തീവ്രമഴ പെയ്തിരുന്നു. ആഗസ്ത് പകുതിയോടെ വീണ്ടും ന്യൂനമര്‍ദത്തിനു സാധ്യതയുണ്ട്.

നിലവില്‍ 20 ശതമാനത്തോളം മഴ സംസ്ഥാനത്ത് കുറവാണെങ്കിലും തുടര്‍ച്ചയായി ലഭിക്കുന്ന തീവ്രമഴയില്‍ മലയോരത്തെ മണ്ണ് കുതിര്‍ന്നു നില്‍ക്കുന്നതിനാല്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യത ഏറെയാണ്.

ആഗസ്ത് 6 വരെ കേരളത്തില്‍ ശരാശരി മഴ കൂടുതല്‍ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും വ്യക്തമാക്കി. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴ ലഭിക്കാനും സാധ്യതയുണ്ട്. 7 മുതല്‍ 13 വരെയുള്ള രണ്ടാമത്തെ ആഴ്ചയില്‍ വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും സാധാരണയില്‍ കവിഞ്ഞ മഴയും തെക്കന്‍ കേരളത്തില്‍ സാധാരണ മഴയുമാണ് ലഭിക്കാന്‍ സാധ്യത.


 

Most Popular