Saturday, July 24, 2021
Home Ediotrs Pick ചിലരെ തകര്‍ക്കാന്‍ രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം; കെ എം ഷാജി വിരല്‍ ചൂണ്ടുന്നത് കുഞ്ഞാലിക്കുട്ടിക്കെതിരേയെന്ന് സൂചന

ചിലരെ തകര്‍ക്കാന്‍ രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം; കെ എം ഷാജി വിരല്‍ ചൂണ്ടുന്നത് കുഞ്ഞാലിക്കുട്ടിക്കെതിരേയെന്ന് സൂചന

കോഴിക്കോട: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേ മുസ്ലിം ലീഗില്‍ ഉരുണ്ട് കൂടിയ വികാരത്തിന്റെ പൊട്ടിത്തെറിയാണ് മുന്‍ എംഎല്‍എ കെ എം ഷാജിയുടെ വിമര്‍ശനമെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ തന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതും പണം പിടിച്ചെടുത്തതും നിഷ്‌കളങ്കമാണെന്ന് കരുതുന്നില്ലെന്നും ചിലരെ തകര്‍ക്കേണ്ട ആളുകളുടെ കാര്യത്തില്‍ രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളുണ്ടെന്നുമാണ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി കഴിഞ്ഞ ദിവസം ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്കകത്ത് പുതുതായി രൂപപപെട്ട വിഭാഗീയതയുടെയും അസ്വസ്ഥതയുടെയും തെളിവാണ് ഷാജിയുടെ പ്രസ്താവന എന്നാണ് വിലയിരുത്തല്‍. ലീഗില്‍ കെ.എം ഷാജിയുടെ നേതൃത്വത്തിലുള്ള പുതിയ ചേരി അടുത്ത ദിവസം ആക്രമണം കൂടുതല്‍ ശക്തമാക്കാനും ഇടയുണ്ട്.

പി കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് മുസ്ലിം ലീഗിന് ക്ഷീണമുണ്ടാക്കിയെന്ന് ലീഗ് വിമതരുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നതായി റിപോര്‍ട്ടുകള്‍ പുറത്തവന്നിരുന്നു. അന്തരിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പിഎം ഹനീഫിന്റെ പേരില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ കെ എം ഷാജി, പി എം സ്വാദിഖലി, ടി ടി ഇസ്മായില്‍, സമദ് പൂക്കാട്, അഷ്‌റഫ് കോക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. മണ്ഡലം ഭാരവാഹികളായ 150 ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. അനുസ്മരണ സമ്മേളനം എന്ന പേരിലാണ് യോഗം വിളിച്ചതെങ്കിലും പാര്‍ട്ടി വിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിന് പിന്നാലെയാണ് ചാനല്‍ അഭിമുഖത്തില്‍ ഷാജിയുടെ ഒളിയമ്പ്. പ്രവര്‍ത്തകരുടെ വികാരവും പാര്‍ട്ടി ചര്‍ച്ചകളും തീരുമാനങ്ങളില്‍ പ്രതിഫലിക്കുന്നില്ലെന്ന് ഷാജി കുറ്റപ്പെടുത്തി. നഷ്ടപ്പെട്ടുപോയ സീറ്റുകളെ സംബന്ധിച്ചുള്ള ആശങ്കയാണ് പാര്‍ട്ടി പരിശോധിക്കേണ്ടത്. കിട്ടിയ സീറ്റുകളില്‍ ആശ്വാസം കൊള്ളുകയല്ല വേണ്ടത്. ചിലരെ തകര്‍ക്കാന്‍ രാഷ്ട്രീയാതീത സൗഹൃദങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും ഷാജി ആരോപിച്ചു.
രാഷ്ട്രീയാതീത ഡിപ്ലോമാറ്റിക് സൗഹൃദം എന്നാണ് ഷാജി ഇതിനെ വിശേഷിപ്പിച്ചത്. സിപിഎമ്മിലെ ഉന്നതരുമായി ബിസിനസ് സൗഹൃദം സൂക്ഷിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ ഉന്നമിട്ടാണ് ഷാജിയുടെ ഈ പ്രസ്താവനയെന്നാണ് സൂചന.

തിരഞ്ഞെടുപ്പ ഫലം പുറത്തുവന്ന് ഒരു മാസം പിന്നിട്ടിട്ടും പരാജയം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ പോലും നേതൃത്വം തയ്യാറായിട്ടില്ല. പകരം, കോണ്‍ഗ്രസ് അമ്പേ തകര്‍ന്നപ്പോഴും പാര്‍ട്ടിക്ക് വലിയ പരാജയം സംഭവിച്ചിട്ടില്ലെന്ന് ന്യായീകരിക്കുകയാണ് നേതൃത്വം. ഇതിനെതിരെയാണ് ഷാജിയുടെ നേതൃത്വത്തിലുള്ള വിഭാഗം പ്രതിഷേധവുമായി രംഗത്തുള്ളത്. ഇതിന് പുറമെ, ഷാജിയുടെ വീട്ടില്‍നിന്ന് പണം പിടികൂടിയതിന് പിന്നില്‍ ഒരു വിഭാഗം ദുരൂഹത ആരോപിക്കുന്നുണ്ട്. നേതൃത്വത്തിലെ ചിലര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് ഷാജിയെ അനുകൂലിക്കുന്നവര്‍ കരുതുന്നത്.
ALSO WATCH

 

 

Most Popular