Saturday, July 31, 2021
Home News Kerala കാമുകിയുടെ പേരില്‍ ചാറ്റ് ചെയ്ത് വീട്ടില്‍ നിന്ന് പുറത്തെത്തിച്ചു; വടികൊണ്ട് തലക്കടിച്ചു കൊന്നു

കാമുകിയുടെ പേരില്‍ ചാറ്റ് ചെയ്ത് വീട്ടില്‍ നിന്ന് പുറത്തെത്തിച്ചു; വടികൊണ്ട് തലക്കടിച്ചു കൊന്നു

വൈപ്പിന്‍: വൈപ്പിന്‍ ചെറായിയില്‍ അടിയേറ്റു മരിച്ച പ്രണവ് പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയത് കാമുകിയുടെ പേരിലെത്തിയ സന്ദേശം വിശ്വസിച്ച്. യുവതിയുടേതെന്നു തോന്നിക്കുന്ന ഫേസ്ബുക്ക് പേജില്‍ നിന്നാണ് പ്രണവിന് സന്ദേശം വന്നത്. അതിരാവിലെ ഇറങ്ങിപ്പോകുന്നതു കണ്ട് അമ്മ പ്രണവിനോട് എവിടെ പോകുകയാണെന്ന് ചോദിച്ചെങ്കിലും ഒരാള്‍ വിളിച്ചെന്നും ഉടനെ വരുമെന്നും പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ പ്രതികള്‍ യുവതിയുടെ പേരില്‍ നിര്‍മിച്ച വ്യാജ സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് ക്രിമിനല്‍ സംഘം സന്ദേശം അയയ്ക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേസില്‍ ശരത്, ജിബിന്‍, അമ്പാടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മൂന്ന് പ്രതികളെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

ശരത്തിന്റെ കാമുകിയുമായി അടുക്കാൻ പ്രണവ് ശ്രമിച്ചതായിരുന്നു പ്രകോപനം. ഫേസ്ബുക്ക് മെസഞ്ചറിലൂടെ പ്രണവ് ശല്യം ചെയ്യുന്നതായി കാമുകി ശരത്തിനോട് പറഞ്ഞിരുന്നു. ഇതോടെ യുവതിയെന്ന വ്യാജേന ശരത് പ്രണവുമായി ചാറ്റിങ് തുടങ്ങി. വൈപ്പിനിലെത്താനാണ് സന്ദേശം അയച്ചത്.  ഇതിന് സുഹൃത്തുക്കളെ കൂടി കൂട്ടു പിടിക്കുകയായിരുന്നു.

ശരത്തും സംഘവും ആദ്യം പെണ്‍കുട്ടിയെക്കൊണ്ടു തന്നെ വിളിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പെണ്‍കുട്ടിയെ ഇതിലേക്കു വലിച്ചിഴയ്‌ക്കേണ്ട എന്നതിനാല്‍ യുവതിയുടെ പേരില്‍ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി പ്രണവുമായി ചാറ്റ് ചെയ്യുകയായിരുന്നു. അര്‍ധരാത്രി പ്രണവിനെ സമൂഹമാധ്യമത്തിലൂടെ വിളിച്ച് ഉണര്‍ത്തി ചാറ്റ് ചെയ്ത് ഇറങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

vypin-theliveduppu

ഇത് കിട്ടിയയുടന്‍ പള്ളത്താംകുളങ്ങര ബീച്ചിന് സമീപമെത്തിയ പ്രണവിനെ പ്രതികള്‍ നാലുപേരും ചേർന്ന് തലയ്ക്കടിച്ചു വീഴ്ത്തി. ‌ കത്തികൊണ്ട് തലയിലും ശരീരത്തിലും മുറിവേൽപിച്ചു. തലയുടെ നെറുകയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. മരിച്ചുവെന്ന് ഉറപ്പായതോടെ പ്രതികൾ സ്ഥലം വിട്ടു. ചൊവ്വ പുലർച്ചെ നാലിനായിരുന്നു കൊലപാതകം. ചെമ്മീൻകെട്ടിൽ കത്തിയെറിഞ്ഞ സ്ഥലം പ്രതികൾ പൊലീസിന് കാണിച്ചു കൊടുത്തു.

പ്രതികളും മരിച്ച പ്രണവുമെല്ലാം നേരത്തെ പരിചയക്കാരായിരുന്നെങ്കിലും പ്രത്യേക സ്വഭാവക്കാരനായിരുന്ന പ്രണവ് ഒറ്റതിരിഞ്ഞ് നടക്കുന്നതായിരുന്നു പതിവ്.

പുലര്‍ച്ചെ നാലുമണിയോടെയാണ് പള്ളത്താംകുളങ്ങര ബീച്ചിലേക്ക് എത്തുന്ന ഭാഗത്ത് പോക്കറ്റ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്. പ്രണവിനെ അടിക്കുന്നതിന് ഉപയോഗിച്ച വടിയും പൊട്ടിയ ട്യൂബ് ലൈറ്റും സംഭവ സ്ഥലത്തു നിന്നു കണ്ടെത്തിയിരുന്നു. ഈ കേസിലെ പ്രതിയും മരിച്ച യുവാവും ഉള്‍പ്പടെയുള്ളവരെല്ലാം ലഹരി ഉപയോഗിക്കുന്നവരും വില്‍പന നടത്തുന്നവരുമാണെന്ന് നാട്ടുകാര്‍ പറയുന്നു.

മുഖ്യപ്രതി ശരത് കൊലപാതകശ്രമക്കേസിലും പ്രതിയാണ്. കേസിൽ ചെറായി സ്വദേശി നാംദേവുകൂടി പിടിയിലാകാനുണ്ട്.

Most Popular