Wednesday, November 30, 2022
HomeEdiotrs Pickകൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണം ആര്‍എസ്എസിലേക്ക്; ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടികളുടെ ഹവാല പണം

കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണം ആര്‍എസ്എസിലേക്ക്; ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടികളുടെ ഹവാല പണം

തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസിലെ പരാതിക്കാരന്‍ ധര്‍മരാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് പോലീസ്. നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ടതില്‍ കൂടുതല്‍ പണം കണ്ടെത്തിയതായും തൃശ്ശൂര്‍ എസ് പി ജി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ തിരഞ്ഞെടുപ്പ് ചെലവിലേക്കായി ബിജെപിക്ക് വേണ്ടി കോടികളുടെ ഹവാല പണം ഒഴുകിയെത്തിയതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. കേസിലെ രാഷ്ട്രീയബന്ധം അന്വേഷിക്കുമെന്നും എസ് പി പറഞ്ഞു.

അതേസമയം പണം നല്‍കിയത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക് ആണെന്ന് ധര്‍മരാജന്‍ പോലീസില്‍ മൊഴി നല്‍കി. സുനില്‍ നായിക്കിനെ പോലീസ് ചോദ്യം ചെയ്തു. ധര്‍മരാജനുമായി വര്‍ഷങ്ങളായുള്ള ബിസിനസ് ബന്ധമുണ്ടെന്നാണ് ഇയാള്‍ പറഞ്ഞത്

പണം കൊണ്ടുവന്നത് ഏത് പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് പോലിസിന് കൃത്യമായ വിവരങ്ങളുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. തട്ടിയെടുത്ത പണം ബിജെപിക്കുള്ളതായിരുന്നെന്ന് സിപിഎം ആരോപിച്ചപ്പോഴും തെരഞ്ഞെടുപ്പ് കമീഷന് ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലോ എഫ്‌ഐആറിലോ ഒരു പാര്‍ട്ടിയുടെയും പേര് പറയാത്തത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കാറില്‍ കടത്തിയത് കോടികള്‍
ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്കായി കൊണ്ടുവരികായായിരുന്ന മൂന്നരക്കോടി രൂപയാണ് തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടതായി കോഴിക്കോട് സ്വദേശി ധര്‍മരാജാണ് പരാതി നല്‍കിയത്. എന്നാല്‍, പ്രതികളില്‍നിന്ന് കണ്ടെടുത്ത പണം പരാതിയില്‍ പറഞ്ഞതിലേറെയുണ്ടെന്നാണ് പോലിസ് വ്യക്തമാക്കുന്നത്. അതിനാല്‍ എത്ര രൂപയാണ് തട്ടിയെടുത്തതെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്.

രണ്ട് കാറുകളിലാണ് പണവുമായി സംഘം പുറപ്പെട്ടത്. വഴിയില്‍ പൊലീസ് പരിശോധനയോ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയോ ഉണ്ടോയെന്നത് പരിശോധിക്കാനായി പൈലറ്റ് വാഹനവും അതിന് പിന്നില്‍ പണമടങ്ങിയ കാറുമാണ് ഉണ്ടായിരുന്നത്. അപകടവും കാര്‍ തട്ടിയെടുത്ത വിവരവും കാറിലുണ്ടായിരുന്ന ഡ്രൈവര്‍ ആണ് ധര്‍മരാജിനെ വിളിച്ചറിയിച്ചത്. പിന്നീട് ഇക്കാര്യമറിയിക്കാന്‍ ആദ്യം വിളിച്ചത് തൃശൂര്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാവിനെയായിരുന്നു. ഒന്നിലധികം തവണ ഈ നമ്പറിലേക്ക് വിളി പോയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ബിജെപി നേതാക്കളുടെ ഇടപെടല്‍
ഇതിനിടെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആരോപണ വിധേയനായ ജില്ല നേതാവുള്‍പ്പെടെ രണ്ടുപേര്‍ കണ്ണൂരിലെത്തി പിടികിട്ടാനുള്ള മുഖ്യപ്രതിയുമായി കൂടിക്കാഴ്ച നടത്തിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പാര്‍ട്ടി സംസ്ഥാന നേതാവിന്റെ അറിവോടെയാണ് ഈ യാത്രയെന്നാണ് പറയുന്നത്. ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പൊലീസ് ശേഖരിച്ചു.

സംഭവത്തിന്റെ തലേന്ന് ഏപ്രില്‍ രണ്ടിന് രാത്രി ഏറെ വൈകിയും സംഘത്തിലെ ആരോപണ വിധേയരുള്‍പ്പെടെ നേതാക്കള്‍ തൃശൂരില്‍ ചിലവഴിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.

അറസ്റ്റിലായവര്‍ റിമാന്‍ഡില്‍
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഏഴ് പേരെയും ഇരിങ്ങാലക്കുട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ചോ, ആര്‍ക്ക് വേണ്ടി പണം കടത്തി എന്നത് സംബന്ധിച്ചോ സൂചനകളൊന്നുമില്ലാതെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. വാഹനത്തില്‍ നിന്നും ആയുധങ്ങളടക്കമുള്ളവ കണ്ടെടുത്തുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒളിവിലുള്ള മൂന്ന് പേര്‍ ഒന്നു മുതല്‍ മൂന്ന് വരെ പ്രതികളാണ്. ഇവര്‍ നിരീക്ഷണത്തിലായെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
ALSO WATCH

Most Popular